പ്രണയവും വിഷാദവും നിറഞ്ഞ കാവ്യജീവിതം: ഇടപ്പള്ളി എന്ന നോവ്

പ്രണയവും വിഷാദവും നിറഞ്ഞ കാവ്യജീവിതം: ഇടപ്പള്ളി എന്ന നോവ്

അതൊരു ശനിയാഴ്ചയായിരുന്നു; കൊല്ലവര്‍ഷം 1111 മിഥുന മാസം 21.
കൊല്ലത്ത് പ്രശസ്ത വക്കീലായ വൈക്കം നാരായണപിള്ളയുടെ വസതിയില്‍ താമസിച്ചിരുന്ന കാലത്ത്, താന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹ ക്ഷണക്കത്ത് കിട്ടിയപ്പോള്‍ ചങ്ങമ്പുഴയുടെ 'രമണന്' മേലാകെ ഒന്ന് തരിച്ചുപോയി. കത്ത് വായിച്ച് അദ്ദേഹം ഒരു കാര്യം തീര്‍ച്ചപ്പെടുത്തി; വേളിയുടെ തലേന്ന് പകലിന്റെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ കയറില്‍ തൂങ്ങി തന്റെ ജീവനൊടുക്കണം. (വൈക്കം നാരായണപിള്ള പെണ്‍കുട്ടിയുടെ ബന്ധുവാണെന്നും ക്ഷണക്കത്ത് കിട്ടിയത് അദേഹത്തിനാണെന്നും ഒരു പക്ഷമുണ്ട്).

രമണന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; അത് ചങ്ങമ്പുഴയുടെ നാട്ടുകാരനും ആത്മസുഹൃത്തുമായ, ഇടപ്പള്ളി കവികളിലെ 'ഇടപ്പള്ളി' എന്ന ഇടപ്പള്ളി രാഘവന്‍ പിള്ള തന്നെ. ഒരു പ്രണയനൈരാശ്യത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ചതിലുള്ള പ്രതിഷേധവും പ്രകോപനവും ചാലിച്ച്, സ്വന്തം ആത്മസുഹൃത്തിനോട് സംവദിച്ച നാടകീയ വിലാപകാവ്യമാണ് ചങ്ങമ്പുഴയുടെ 'രമണന്‍' എന്ന കവിത.

ഇടപ്പള്ളി രാഘവന്‍ പിള്ളയെക്കുറിച്ച് എഴുതാന്‍ തുനിഞ്ഞാല്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പ്രതിപാദിക്കാതെ കടന്നുപോകാന്‍ കഴിയില്ല. അതുപോലെതന്നെ തിരിച്ചും. രണ്ട് പേരും ഒരേ നാട്ടുകാര്‍, എഴുത്തിന്റെ ശൈലിയിലും സമാനതകള്‍ ഏറെ. അക്ഷരങ്ങളെ അമ്മാനമാടിയ അവരിരുവരും പൂത്തുലയാതെ വാടിവീണ പൂക്കളാണ്.

ഇവരില്‍ ആരുടെ പേര് ഉച്ചരിച്ചാലും ഇടപ്പള്ളി കരുണാകരമേനോനെ വിസ്മരിക്കാനാവില്ല. അതിനൊരു കാരണമുണ്ട്; ആദ്യകാലങ്ങളില്‍ 'ഇടപ്പള്ളി കവികള്‍' തമ്മില്‍ ഈര്‍ഷ്യതയിലായിരുന്നപ്പോള്‍, സാഹിത്യ സംഘാടകനായ കരുണാകര മേനോന്റെ മധ്യസ്ഥതയിലാണ് രണ്ടുപേരെയും ഒന്നിച്ചുകൂട്ടി ഇണക്കത്തിലാക്കിയത്. പിന്നീടുള്ള ജീവിതത്തില്‍ ഇരുവരുടെയും സൗഹൃദം കാവ്യ ലോകത്ത് ഏറെ പ്രസിദ്ധമായി.

ഇടപ്പള്ളി ചെറുപ്പത്തില്‍ തന്നെ ജീവന്‍ ഹോമിച്ചെങ്കില്‍, ചങ്ങമ്പുഴ തന്റെ തെറ്റായ ജീവിത ശൈലിയിലൂടെ മരണം വിളിച്ച് വരുത്തുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ ചങ്ങമ്പുഴയും ഇഞ്ചിഞ്ചായി, ബോധപൂര്‍വം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. ഒരാള്‍ 27 വര്‍ഷവും മറ്റൊരാള്‍ 37 വര്‍ഷവും മാത്രമാണ് ജീവിച്ചത്.

തന്റെ മരണത്തിന് പദ്ധതിയിട്ടപ്പോള്‍ ഇടപ്പള്ളി കാലേക്കൂട്ടി രണ്ട് കവിതകള്‍ എഴുതി തയ്യാറാക്കിവെച്ചിരുന്നു; 'മണിനാദ'വും 'നാളത്തെ പ്രഭാത'വും. മരണപ്പിറ്റേന്ന്, അതായത് ഇടപ്പള്ളിയുടെ പ്രണയിനിയുടെ വിവാഹദിവസം, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മണിനാദം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്നുതന്നെ പത്രങ്ങളില്‍ ഇടപ്പള്ളിയുടെ മരണവാര്‍ത്തയും വന്നു. അതിന് പിറ്റേന്ന് തന്നെ മലയാളരാജ്യം ചിത്രവാരികയില്‍ 'നാളത്തെ പ്രഭാതവും' പ്രസിദ്ധീകരിച്ചു. കവിത എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണമെന്നുള്ള ഇടപ്പള്ളിയുടെ അവസാന ആവശ്യം അവര്‍ അങ്ങനെ നിറവേറ്റി.

'മണിനാദ'ത്തിലെ ചില വരികള്‍ താഴെ കുറിക്കുന്നു:
'അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നില്‍ മറഞ്ഞു മനസാലെന്‍-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെന്‍ മൗനഗാനത്തിന്‍
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!'

1909 മെയ് 30 ന് (ഇടവ മാസത്തില്‍) ഇടപ്പള്ളിയിലെ എളമക്കരയില്‍ ജനിച്ച രാഘവന്‍പിള്ള കേവലം 27 വര്‍ഷം മാത്രമാണ് ജീവിച്ചത്. ഇടപ്പള്ളി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട കവി, കയറില്‍ തൂങ്ങി മരണം സ്വയം വരിക്കുകയായിരുന്നു. പ്രണയം അത്രമാത്രം അസ്ഥിയില്‍ കുരുക്കിട്ട ആ കാമുകന്‍, തന്റെ വികാര വിക്ഷോഭങ്ങള്‍ക്ക് സ്വയം അന്ത്യം കുറിച്ചു.
ഇടപ്പള്ളിയും ആത്മ സുഹൃത്ത് ചങ്ങമ്പുഴയും കാല്‍പനിക കവികളായാണ് കരുതപ്പെടുന്നത്. ഇടപ്പള്ളിയെ ഇറ്റാലിയന്‍ കാല്‍പനിക കവിയായ ലിയോപാര്‍ഡിയോടാണ് നിരൂപകര്‍ സാമ്യപ്പെടുത്തുന്നത്.

വിഷാദം, അപകര്‍ഷത, മരണഭീതി ഇവയിലൊക്കെ ഇടപ്പള്ളി അകപ്പെട്ടിരുന്നതായി പ്രശസ്ത നിരൂപകന്‍ കേസരി ബാലകൃഷ്ണപിള്ള വിലയിരുത്തുന്നുണ്ട്. ഇടപ്പള്ളിയുടെ ചെറുപ്പത്തില്‍ തന്നെ അര്‍ബുദം പിടിപെട്ട് അദ്ദേഹത്തിന്റെ അമ്മ ജീവനൊടുക്കിയിരുന്നു. അമ്മയുടെ വേര്‍പാട് കുട്ടിക്കാലം മുതല്‍ക്കേ ഇടപ്പള്ളിയെ കടുത്ത വിഷാദത്തിലാഴ്ത്തി. അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചെങ്കിലും, രണ്ടാനമ്മയുമായി ഒത്തുപോകാന്‍ പാടുപെട്ട് അനുജന്‍ ഗോപാലപിള്ള നാടുവിട്ടുപോയി.

രണ്ടാനമ്മയുമൊത്തുള്ള അസ്വാരസ്യങ്ങള്‍ നിറഞ്ഞ ജീവിതവും, അച്ഛന്റെ മദ്യപാനവും, സാമ്പത്തിക ക്രമക്കേട് കേസില്‍ അച്ഛന്‍ ശിക്ഷിക്കപ്പെട്ടതും, അച്ഛനോടൊപ്പം ഒരു ദിവസം ജയിലില്‍ കഴിയേണ്ടി വന്നതും, പട്ടിണിയുമെല്ലാം മൂലം ഇടപ്പള്ളി മാനസികമായി തകര്‍ന്ന് വിഷാദത്തിന് അടിമയായി. ഇതിനെത്തുടര്‍ന്ന് ഒരുവട്ടം കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും അന്ന് അദേഹം രക്ഷപ്പെടുകയാണ് ഉണ്ടായത്.

തേര്‍ഡ് ഫോറം (തേര്‍ഡ് സ്‌കൂള്‍) പാസായതിനെത്തുടര്‍ന്ന് എളമക്കരയിലെ ഒരു ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി അദേഹം ജോലി നോക്കി. എറണാകുളം മഹാരാജാസില്‍ നിന്നും സ്‌കൂള്‍ ഫൈനല്‍ ജയിച്ച ഇടപ്പള്ളിയെ അതേ കുടുംബത്തില്‍ കാര്യസ്ഥനായി നിയമിക്കുകയും ചെയ്തു.

ഹൈസ്‌കൂള്‍ പഠന കാലത്ത് ട്യൂഷന്‍ എടുത്തിരുന്ന ധനിക കുടുംബത്തിലെ പെണ്‍കുട്ടിയുമായി മൊട്ടിട്ട പ്രണയം കൊടിമുടികയറിയപ്പോള്‍, പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇടപ്പള്ളിക്ക് നാടുവിട്ട് തിരുവനന്തപുരത്തേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെ അദേഹം ആദ്യം ശ്രീമതിയിലും പിന്നീട് കേരള കേസരിയിലും ഗുമസ്തനായി ജോലി നോക്കി. അവിടെവച്ചാണ് ഇടപ്പള്ളിയുടെ ആദ്യ കവിതാ സമാഹാരമായ തുഷാരഹാരം, ഉള്ളൂരിന്റെ അവതാരികയോടുകൂടി പിറവിയെടുക്കുന്നത്. ഒരേ ഞെട്ടില്‍ വിരിഞ്ഞ് സുഗന്ധം പരത്തുന്ന പൂക്കളായാണ് ഉള്ളൂര്‍ തന്റെ അവതാരികയില്‍ ഇടപ്പള്ളിയെയും ചങ്ങമ്പുഴയെയും വിശേഷിപ്പിച്ചത്.

കേരള കേസരിയുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ അദേഹം കൊല്ലത്തേക്ക് തിരിച്ചു. സുഹൃത്തും പ്രശസ്ത വക്കീലുമായിരുന്ന വി.എം നാരായണപിള്ളയുടെ വസതിയില്‍ താമസമാക്കി. അക്കാലത്താണ് കവിയുടെ രണ്ടാമത്തെ കൃതിയായ ഹൃദയ സ്മിതം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് നവസൗരഭവവും വെളിച്ചം കണ്ടു. കവി ജീവിച്ചിരുന്ന നാളുകളില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്ന മൂന്ന് കൃതികള്‍ ഇവയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ എഴുതാനുള്ള പ്രതിഭയും കവിതയോടുള്ള കമ്പവും ഇടപ്പള്ളിക്ക് ജന്മസിദ്ധമായിരുന്നു. ആകെ എണ്‍പതോളം കവിതകള്‍ ഇടപ്പള്ളിയുടെ രചനയില്‍ ആയിട്ടുണ്ട്.

ഹൈസ്‌കൂള്‍ കാലത്ത് തുടങ്ങിവെച്ച പ്രണയം തിരുവനന്തപുരത്തും കൊല്ലത്തും നിര്‍ലോഭം തുടര്‍ന്ന് പോന്നു. കവിതയും പ്രണയവും മാത്രമായിരുന്നു ആ ഹ്രസ്വകാല ജീവിതമെന്ന് ചുരുക്കിപ്പറഞ്ഞാല്‍ തെറ്റില്ല. കൊല്ലത്തെ വക്കീല്‍ ഓഫീസില്‍ കഴുത്തില്‍ കയറിട്ട് കുരുക്കുന്നതുവരെയേ അതിന് ആയുസുണ്ടായിരുന്നുള്ളൂ. അതാകട്ടെ 1936 ജൂലൈ നാലിനായിരുന്നു. ഇന്നേക്ക് 90 വര്‍ഷങ്ങള്‍ക്കു മുമ്പ്. അദേഹത്തിന്റെ മരണക്കുറിപ്പിലെ ഏതാനും വാചകങ്ങള്‍ ഇങ്ങനെയായിരുന്നു:

'പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്‌നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക. ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാര്‍ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം സ്വീകരിക്കുന്നു...
എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി - കൂപ്പുകൈ!'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.