യൂറോപ്പിന്റെ മണ്ണിൽ ശരത്കാലം തന്റെ തണുത്ത നിശ്വാസം വീശുമ്പോൾ, മരങ്ങൾ ഇലകൾ പൊഴിച്ച് നിശബ്ദതയിൽ മറയുന്നു. ഈ നിമിഷം മനുഷ്യനെ ഓർമ്മപ്പെടുത്തുന്നത് ജീവിതത്തിന്റെ ക്ഷണികതയെയും മരണത്തിന്റെ  നിശ്ചലതയെയും കുറിച്ചാണ്. എല്ലാ വർഷവും  നവംബർ രണ്ടിന് ആചരിക്കുന്ന Allerseelen – “സകല  ആത്മാക്കളുടെ ദിനം” – ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നീ ജർമ്മൻ ഭാഷാഭൂമികളിൽ അത്യന്തം ഭക്തിയോടെയും ആത്മീയതയോടെയും ആചരിക്കുന്നു. ഇത് വെറും മതാചാരമല്ല, ജീവനും മരണവും തമ്മിലുള്ള ആത്മീയ സംഭാഷണത്തിന്റെ ദിനമാണ്.
 
ഗ്രാമഹൃദയത്തിൽ നിന്ന് നഗരാതിരങ്ങളിലേക്കുള്ള യാത്ര:
 
മധ്യയുഗകാലത്ത് ഓരോ ഗ്രാമത്തിന്റെയും ഹൃദയകേന്ദ്രം പള്ളിയായിരുന്നു. അതിന്റെ നിഴലിൽ നിലകൊണ്ടിരുന്ന Friedhof (സെമിത്തേരി) ഗ്രാമത്തിന്റെ  ഒരു മുഖ്യ സ്ഥലംമായിരുന്നു.    ജനനം, മാമോദീസ, വിവാഹം, മരണം എന്നീ ജീവിതത്തിന്റെ പൂർണ്ണ വൃത്തം അവിടെ പൂർത്തിയാവുകയായിരുന്നു.  ഇന്നും ഗ്രാമങ്ങളിൽ, കുർബാന കഴിഞ്ഞ് വിശ്വാസികൾ കൈയിൽ മെഴുകുതിരിയുമായി ശ്മശാനത്തിലേക്ക് നടക്കുന്നു  ഹൃദയത്തിൽ സ്മരണകളും കണ്ണുകളിൽ ശാന്തമായ പ്രത്യാശയും നിറച്ച്.
 
നഗരങ്ങൾ വളർന്നതോടെ, തിരക്കിട്ട ജീവിതം ശ്മശാനങ്ങളെ നഗരത്തിന്റെ അതിരുകളിലേക്ക് നീക്കി. എങ്കിലും  Allerseelen  (All Souls Day)  ദിനത്തിൽ ആയിരങ്ങൾ നഗരാതിർത്തിയിലെ സെമിത്തേരികളിലേക്ക് യാത്ര ചെയ്യുന്നു മരിച്ചവർക്കായി പ്രാർത്ഥിക്കാനും ജീവിക്കുന്നവർക്കായി പ്രത്യാശയുടെ വെളിച്ചം തെളിക്കാനുമാണ് ഈ സഞ്ചാരം.
 
Friedhofskultur – നിശബ്ദതയുടെ ആത്മീയഭാഷ:
 
ഒരു യൂറോപ്യൻ ശ്മശാനം, ശാന്തമായ ഒരു കവിതയാണ്. ഓരോ ശിലയും ഒരു പ്രാർത്ഥനയായി മാറുന്നു, ഓരോ പ്രതീകവും ഒരു തത്വചിന്തയായി.
•കുരിശ്: മരണം അവസാനമല്ല, പുനരുത്ഥാനത്തിലേക്കുള്ള വാതിൽ.
•മാലാഖ ശില്പങ്ങൾ:  ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലെ സൗമ്യമായ പാലം.
•മെഴുകുതിരികൾ:  മൗനത്തിൽ കത്തുന്ന പ്രത്യാശയുടെ പ്രാർത്ഥന.
•പുഷ്പങ്ങൾ: ജീവിതത്തിന്റെ ചാരുതയും അതിന്റെ ക്ഷണികതയും ഓർമ്മിപ്പിക്കുന്ന  പ്രതീകങ്ങൾ.
 
മ്യൂണിച്, ലൂസേൺ, ബാസൽ, സൂറിച്ച്, സാൾസ്ബർഗ്, വിയന്ന തുടങ്ങിയ നഗരങ്ങളിലെ ശ്മശാനങ്ങൾ കലയും വിശ്വാസവും ചേർന്ന ദൃശ്യപ്രാർത്ഥനകളാണ്. അവിടെ മരണം പോലും ഒരു സൗന്ദര്യാത്മക ഭാഷയായി മാറുന്നു.
 
 ഓർമ്മയുടെ സംസ്കാരം – ജീവനും മരണത്തിനും ഇടയിലെ കൂട്ടായ്മ:
 
പ്രൊഫസർ നോർബർട്ട് ഫിഷർ പറഞ്ഞത് പോലെ: “Sepulchralkultur ist ein Spiegel der Gesellschaft” —“ശവസംസ്കാര സംസ്‌കാരം ഒരു സമൂഹത്തിന്റെ കണ്ണാടിയാണ്.” ഒരു സമൂഹം മരണത്തെ എങ്ങനെ സമീപിക്കുന്നു എന്നത് അവരുടെ ആത്മീയ ആഴത്തെയും സാംസ്കാരിക മനോഭാവത്തെയും വെളിപ്പെടുത്തുന്നു.
•ജർമ്മനിയിൽ, ശ്മശാനങ്ങൾ ക്രമബദ്ധവും ശാന്തവുമാണ് — ഓരോ കല്ലറയും വ്യക്തിപരമായ സ്‌നേഹത്തിന്റെയും കൃത്യതയുടെയും പ്രതീകം.
•സ്വിറ്റ്‌സർലൻഡിൽ, അത് ജീവിച്ചിരിക്കുന്നവരും മരിച്ചവരും മൗനമായിസംസാരിക്കുന്ന   ഒരു നിശ്ശബ്ദ സ്ഥലമാണ്.
•ഓസ്ട്രിയയിൽ, സംഗീതം പോലും ശവസംസ്കാരത്തിന്റെ ഭാഗമാകുന്നു മോസാർട്ടിന്റെ Requiem പോലുള്ള സൃഷ്ടികൾ ആത്മീയ പൈതൃകത്തിന്റെ അനശ്വര സ്മാരകങ്ങളായി നിലകൊള്ളുന്നു.
 
യൂറോപ്യൻ ശ്മശാനങ്ങൾ ജീവിക്കുന്ന മ്യൂസിയങ്ങളാണ്  മാർബിളിൽ കൊത്തിയ കുരിശുകൾ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള എപ്പിറ്റാഫുകൾ, എല്ലാം മനുഷ്യന്റെ ആത്മീയ വളർച്ചയുടെ രേഖകളാണ്. മധ്യയുഗത്തിലെ “Memento Mori” – “മരണം ഓർക്കുക” എന്ന വാക്ക് ഭയപ്പെടുത്താനല്ല, മറിച്ച് ജീവിതത്തെ അർത്ഥവത്താക്കാൻ പഠിപ്പിക്കാനായിരുന്നു. ബാസലിലെ Friedhof am Hörnli, വിയന്നയിലെ Zentralfriedhof, മ്യൂണിക്കിലെ Waldfriedhof – ഇവിടങ്ങളിലെ കല്ലറകളിൽ എഴുതിയിരിക്കുന്ന വാക്കുകൾ നമ്മോട് പറയുന്നു: “Im Herzen lebst du weiter” — “നീ ഹൃദയങ്ങളിൽ തുടർന്നും ജീവിക്കുന്നു.”
 
 വിശ്വാസവും ആധുനികതയും:
 
കത്തോലിക്കാ കുടുംബങ്ങൾ പൊതുവെ  ഓൾ സോൾസ് ഡേ പുണ്യദിനമായി ആണ്  ആചരിക്കുന്നത്. കുർബാനയ്ക്ക് ശേഷം പുരോഹിതർ ശ്മശാനങ്ങൾ സന്ദർശിച്ച് കല്ലറകൾ വെഞ്ചിരിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യും. ഇന്ന്, ആധുനിക ലോകത്ത് മതാചാരങ്ങൾ കുറഞ്ഞുപോയാലും, ശ്മശാനത്തിലെ മെഴുകുതിരികളുടെ വെളിച്ചം മനുഷ്യഹൃദയത്തിൽ ഒരു നിശ്ശബ്ദ ഓർമ്മ ഉണർത്തുന്നു. 
 
“The cemetery keeps the silent dialogue between the living and the dead alive.”“ശ്മശാനം, ജീവനും മരണത്തിനും ഇടയിലെ ആ നിശ്ശബ്ദ സംഭാഷണം തുടരുന്നു.”
 
പുനരുത്ഥാനത്തിന്റെ ദർശനം:
 
ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ സന്ദേശം ഇതാണ്: മരണം അവസാനമല്ല അതിനപ്പുറം പുതിയ ജീവിതമുണ്ട്. പൗലോസ് അപ്പൊസ്തലൻ പറഞ്ഞതുപോലെ: “നശ്വരതയിൽ വിതയ്ക്കപ്പെടുന്നു, അനശ്വരതയിൽ ഉയിർപ്പിക്കപ്പെടുന്നു.” (1 കൊരിന്ത്യർ 15:42) അതുകൊണ്ട് ശ്മശാനങ്ങൾ ഭയത്തിന്റെ ഇടങ്ങളല്ല, വിശ്വാസത്തിന്റെ വിത്തുകൾ വളരുന്ന നിലങ്ങളാണ്. ഒരു നാൾ അവ പുഷ്പിക്കുമെന്ന് വിശ്വസിക്കുന്ന ആത്മീയ കാഴ്ചയാണ് യൂറോപ്യൻ സെമിത്തേരി സംസ്കാരത്തിന്റെ അടിത്തറ.
 
 നിശബ്ദതയിലെ ജീവിതപാഠം:
 
ഓൾ സോൾസ് ഡേ നമ്മെ  ഓർമ്മിപ്പിക്കുന്നു: മരണം ജീവിതത്തിന്റെ വിരോധമല്ല അതിന്റെ അർത്ഥം തിരിച്ചറിയാനുള്ള നിശ്ശബ്ദ ക്ഷണം മാത്രമാണ്. കല്ലറയിൽ കത്തുന്ന ഓരോ ദീപവും പറയുന്നത് ഒരേ സത്യമാണ്: “ജീവിതം ചെറുതാണ്, പക്ഷേ അതിന്റെ അർത്ഥം അനന്തമാണ്.”
 
ജർമ്മൻ ഭാഷാഭൂമിയിലെ Sepulchralkultur അതിനാൽ ഒരു പൈതൃകം മാത്രമല്ല  ഒരു ആത്മാന്വേഷണയാത്രയാണ്: മണ്ണിൽ നിന്ന് സ്വർഗത്തിലേക്കുള്ള ശാന്തമായ യാത്ര. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ — ഈ ദേശങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഒറ്റ സത്യം: മരണം താൽക്കാലികമാണ്, പക്ഷേ സ്‌നേഹം നിത്യമാണ്. “Denn Liebe hört niemals auf.” (1 കൊരിന്ത്യർ 13:8) “കാരണം സ്‌നേഹം ഒരിക്കലും അവസാനിക്കുകയില്ല.”
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.