കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍; ധര്‍മേന്ദ്ര പ്രധാന്‍ അടക്കം ചിലരെ ഒഴിവാക്കിയേക്കും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍; ധര്‍മേന്ദ്ര പ്രധാന്‍ അടക്കം ചിലരെ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണിയെന്ന് സൂചന. നീറ്റ് വിവാദത്തില്‍ കുടുങ്ങിയ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരടക്കം ചില പ്രമുഖരെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭയില്‍ വന്നേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് ഇരുനേതാക്കളും രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്നാണ് സൂചന.

എഎപി, ടിഎംസി, ശിവസേന, യുബിടി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ എന്‍ഡിഎ പക്ഷത്തേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ പരിഗണിക്കും വിധത്തിലുള്ള പുനസംഘടനയ്ക്കാണ് സാധ്യത.

ഹര്‍ദീപ് സിങ് പുരിക്ക് പകരക്കാരനായി മറ്റൊരു സിഖ് അല്ലെങ്കില്‍ പഞ്ചാബില്‍നിന്നുള്ള നേതാവ് മന്ത്രിസഭയിലെത്തിയേക്കും. വകുപ്പില്‍ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.

ശിവസേന എംപി ശ്രീകാന്ത് ഷിന്ദേ, എഎപിയില്‍ നിന്ന് കലഹിച്ചിറങ്ങിപ്പോന്ന രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തല്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടിഎംസിയുടെ രാജ്യസഭാ മുന്‍ എംപി സുഖേന്ദു ശേഖര്‍ റേ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.

ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവ് തരുണ്‍ ചുഗിനും മന്ത്രിസഭയിലെത്തിയേക്കും. നിര്‍മലാ സീതാരാമന്‍, മനോഹര്‍ ലാല്‍ ഘട്ടര്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവരുടെ വകുപ്പുകള്‍ മാറാനും സാധ്യതയുണ്ട്.

നിര്‍മല സീതാരാമന് പകരം പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആര്‍ബിഐ മുന്‍ ഗവര്‍ണറുമായ ശക്തികാന്ത ദാസിനെ ധനകാര്യ മന്ത്രിയാക്കുമെന്നാണ് കേള്‍ക്കുന്നത്. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനാണ് അദേഹം.

മലയാളിയായ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. അദേഹത്തിന് പകരക്കാരനെ നിയമിച്ചിട്ടില്ല. അഴിച്ചു പണിയിലാവും ഈ ഒഴിവ് നികത്തുക.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളില്‍ അടുത്തുതന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും അഴിച്ചുപണിക്ക് പിന്നിലുണ്ടെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.