ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകന്‍ ഭാരതിരാജ അന്തരിച്ച് രണ്ടാഴ്ച തികയും മുന്‍പേയുള്ള അദേഹത്തിന്റെ പ്രിയ ശിഷ്യന്‍ കൂടിയായ ഭാഗ്യരാജിന്റെ വേര്‍പാട് ചലച്ചിത്ര ലോകത്തെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ ചലച്ചിത്ര ജീവിതത്തില്‍ ഹാസ്യം, കുടുംബ ബന്ധങ്ങള്‍, പ്രണയം എന്നിവ ലളിതമായി കോര്‍ത്തിണക്കി പ്രേക്ഷകരെ കയ്യിലെടുത്ത പ്രതിഭയായിരുന്നു ഭാഗ്യരാജ്. മധ്യവര്‍ഗ ജീവിതങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളെയും ചിന്തകളെയും വൈകാരികത ഒട്ടും ചോര്‍ന്ന് പോകാതെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ അദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. തമിഴ് സിനിമയില്‍ തിരക്കഥകളുടെ രാജാവ് എന്നാണ് അദേഹം അറിയപ്പെട്ടിരുന്നത്.
പ്രശസ്ത ചലച്ചിത്ര നടിയും മലയാളിയുമായ പൂര്‍ണ്ണിമ ജയറാം ആണ് ഭാര്യ. പ്രശസ്ത തമിഴ് താരം ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവര്‍ മക്കളാണ്.
സുവരില്ലാത ചിത്രങ്ങള്‍ (സംവിധായകനായുള്ള അരങ്ങേറ്റം - 1979), മൗന ഗീതങ്ങള്‍, അന്ത ഏഴ് നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താണൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
താരപ്പകിട്ടുകളില്ലാത്ത, സാധാരണക്കാരനായ ഒരു നായക സങ്കല്‍പ്പത്തെയാണ് ഭാഗ്യരാജ് വെള്ളിത്തിരയില്‍ അടയാളപ്പെടുത്തിയിരുന്നത്. അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല മികച്ച സംഗീത സംവിധായകനായും അദേഹം തിളങ്ങിയിട്ടുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ട മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദേഹം മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
തനതായ കഥ പറച്ചില്‍ ശൈലിയിലൂടെയും ബുദ്ധിപരമായ തിരക്കഥകളിലൂടെയും തമിഴ് സിനിമയുടെ ഒരു സുവര്‍ണ കാലഘട്ടത്തെ രൂപപ്പെടുത്തിയ അതുല്യ കലാകാരന്റെ വിയോഗത്തില്‍ സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.