ടെൽഅവീവ്: കുടുംബം മുഴുവൻ നാസി പടയുടെ ക്രൂരതയിൽ ഇല്ലാതായെന്നും ലോകത്ത് താൻ മാത്രം ബാക്കിയായെന്നും വിശ്വസിച്ചു ജീവിച്ച ഒരു വയോധികയ്ക്ക് ഡിഎൻഎ പരിശോധനയിലൂടെ ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഹോളോകോസ്റ്റിന്റെ കറുത്ത ഓർമ്മകളിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടെത്തിയ അൻപതിലധികം ബന്ധുക്കളെ കണ്ടെത്തിയ അഡ്രിയാന തുർക്കിന്റെ ജീവിതാനുഭവം ഏതൊരാളുടെയും കണ്ണ് നനയിക്കുന്നതാണ്.
ന്യൂസിലൻഡിൽ വളർന്ന 74 കാരിയായ അഡ്രിയാനയ്ക്ക് തന്റെ കുടുംബത്തെക്കുറിച്ച് അറിയാമായിരുന്ന ഒരേയൊരു സത്യം വേദനാജനകമായ ഒന്നായിരുന്നു. 1937 ൽ നാസി ജർമ്മനിയിലെ ഭീകരാന്തരീക്ഷത്തിൽ നിന്ന് കഷ്ടപ്പെട്ട് രക്ഷപെട്ട് ന്യൂസിലൻഡിലേക്ക് കുടിയേറിയതാണ് അവളുടെ പിതാവ് ജോൺ (ഹാൻസ്) തുർക്ക്. എന്നാൽ തങ്ങൾക്കൊപ്പം വരാൻ കഴിയാത്ത അമ്മയെ 1942 ൽ വാർസോ ഗെറ്റോയിലും, സഹോദരിയെയും കുടുംബത്തെയും 1944 ൽ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലും നാസികൾ കൊലപ്പെടുത്തി എന്ന യാഥാർഥ്യം മാത്രമായിരുന്നു പിതാവ് അവശേഷിപ്പിച്ചത്.
ഭീകരമായ ആ ഭൂതകാലത്തെക്കുറിച്ച് ആ പിതാവ് പിന്നീട് ഒരിക്കലും സംസാരിച്ചിരുന്നില്ല. തന്റെ ജൂത വേരുകൾ മറച്ചുവച്ച് പേരുമാറ്റി, ഒരു പുതിയ ജീവിതം നയിക്കാൻ അദേഹം പാടുപെട്ടു. “അദേഹം ഒരിക്കലും അതിനെക്കുറിച്ച് സംസാരിച്ചില്ല, ഞാൻ ചോദിച്ചതുമില്ല,” അഡ്രിയാന ഓർക്കുന്നു.
വർഷങ്ങൾക്കിപ്പുറം 2024 ന്റെ അവസാനത്തിൽ തന്റെ ഒരേയൊരു സഹോദരൻ കൂടി മരണപ്പെട്ടതോടെ അഡ്രിയാന തീർത്തും ഒറ്റപ്പെട്ടു. തന്റെ പ്രിയപ്പെട്ടവരെല്ലാം ഈ ലോകത്ത് നിന്ന് വിട്ടുപോയെന്നും ആ കുടുംബത്തിൽ താൻ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നുമുള്ള തിരിച്ചറിവ് അവരെ കടുത്ത മാനസികവേദനയിലാഴ്ത്തി.
“എന്റെയുള്ളിൽ എവിടെയോ വലിയൊരു ശൂന്യത രൂപപ്പെടുന്നത് ഞാനറിഞ്ഞു. അത് വലിയൊരു വിഷമമായിരുന്നു,” അഡ്രിയാന പറയുന്നു. അങ്ങനെയിരിക്കെയാണ് തന്റെ കുടുംബവേരുകളെക്കുറിച്ച് എന്തെങ്കിലും അറിയാനാകുമോ എന്ന ചെറിയ പ്രതീക്ഷയോടെ അവർ ഒരു ‘മൈഹെറിറ്റേജ്’ ഡിഎൻഎ പരിശോധന നടത്തുന്നത്. എനിക്ക് നഷ്ടപ്പെടാൻ എന്തുണ്ട്? എന്ന ചിന്തയായിരുന്നു അതിനു പിന്നിൽ. എന്നാൽ ആ പരിശോധനാഫലം തന്റെ ജീവിതത്തെയാകെ മാറ്റിമറിക്കുമെന്ന് അവർ കരുതിയിരുന്നില്ല.
ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നപ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ അഡ്രിയാനയ്ക്ക് കഴിഞ്ഞില്ല. ജർമ്മനി, ഇസ്രയേൽ, ബ്രസീൽ എന്നിവിടങ്ങളിലായി തനിക്ക് രക്തബന്ധമുള്ള അൻപതിലധികം ബന്ധുക്കൾ ജീവിച്ചിരിപ്പുണ്ടെന്ന സത്യം അവരെ അത്ഭുതപ്പെടുത്തി.
ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ടുവെന്നു കരുതിയ തന്റെ മുത്തച്ഛന്റെ സഹോദരന്റെ മക്കൾ ആ മഹാദുരന്തത്തെ അതിജീവിച്ചിരുന്നുവെന്ന് വൈകിയെങ്കിലും അഡ്രിയാന തിരിച്ചറിഞ്ഞു. അവരിലൊരാൾ ജർമ്മനിയിലും മറ്റൊരാൾ ബ്രസീലിലും അഭയം തേടിയപ്പോൾ, മൂന്നാമനായ റൂവൻ ഗിഡ്രോൺ ഇസ്രയേലിലേക്ക് കുടിയേറുകയും പിന്നീട് ഇസ്രായേൽ സ്വാതന്ത്ര്യസമരത്തിൽ പോരാടുകയും ചെയ്തിരുന്നു. എന്നാൽ ഈ ചരിത്രങ്ങളെല്ലാം അഡ്രിയാനയുടെ പിതാവ് മനപൂർവം മറച്ചുപിടിക്കുകയായിരുന്നു.
തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ ബന്ധുക്കളെ ഓരോരുത്തരായി അഡ്രിയാന കണ്ടെത്തി. ഒടുവിൽ ജർമ്മനിയിലെ ബന്ധുക്കളെ സന്ദർശിച്ച ശേഷം അവൾ ഇസ്രയേലിലേക്ക് പറന്നു. ടെൽ അവീവ് വിമാനത്താവളത്തിൽ അവളെ സ്വീകരിക്കാൻ പുതുതായി കണ്ടെത്തിയ അവളുടെ മൂന്നാം ബന്ധുവായ റാനൻ ഗിഡ്രോൺ കാത്തുനിൽപ്പുണ്ടായിരുന്നു. ആദ്യമായി നേരിൽകണ്ട ആ നിമിഷം വാക്കുകൾക്കതീതമായിരുന്നു. ബന്ധുക്കളോട് സംസാരിച്ച് അഡ്രിയാന ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.