ന്യൂഡല്‍ഹി: സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2039 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ നടപ്പാക്കാന്‍ പോകുന്ന അഞ്ച് പദ്ധതികള്‍ക്കാണ് പണം അനുവദിച്ചതെന്നും അദേഹം പറഞ്ഞു.
കോഴിക്കോട് മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയ്ക്ക് 172 കോടി, തമിഴ്നാട്ടിലെ തിരുമംഗലത്തെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 744 ന് 98.40 കോടി, കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് 40 കോടി രൂപ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ധാരണയായി. തിരുവനന്തപുരം-കഴക്കൂട്ടം പാതയ്ക്ക് 66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലം-തേനി പാതയില്‍ കടവൂര്‍ മുതല്‍ ചെങ്ങന്നൂര്‍-ആഞ്ഞിലിമൂട് വരെയുള്ള നാലുവരി പാതയുടെ വികസനത്തിന് 1663 കോടി രൂപയുടെ കേന്ദ്ര അനുമതിക്കും ധാരണയായിട്ടുണ്ട്.
ശബരിമല, മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ റോപ്വേ നിര്‍മ്മാണത്തിന് തത്വത്തില്‍ അംഗീകാരം ലഭിച്ചെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെ പദ്ധതിയുടെ ഡിപിആര്‍ ഉടന്‍ തയ്യാറാക്കും. ദേശീയപാത 185 ല്‍ അടിമാലി-കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിയ്ക്ക് അനുമതി ഉടനെ നല്‍കുമെന്ന് ഗഡ്കരി വ്യക്തമാക്കിയതായും പി.കെ. ബഷീര്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍-അങ്കമാലി ബൈപ്പാസിന്റെ അലൈന്‍മെന്റ് ഉടനെ ലഭ്യമാക്കും. വെല്ലിങ്ടണ്‍ ഐലന്‍ഡ്-കുണ്ടന്നൂര്‍ ബൈപാസിനെ അരൂര്‍ അങ്കമാലി ബൈപാസുമായി ബന്ധിപ്പിക്കും. കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകളുടെ പുതുക്കിയ അലൈന്‍മെന്റിന്റെ അംഗീകാരം മൂന്നു മാസത്തിനകം ലഭിക്കുമെന്നും കോഴിക്കോട് രാമനാട്ടുകര മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വരെ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, പൊതുമരാമത്ത് അഡീഷണല്‍ സെക്രട്ടറി വി.ആര്‍. വിനോദ്, ചീഫ് എഞ്ചിനീയര്‍ ഐസക് വര്‍ഗീസ് എന്നിവരും പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരും കേന്ദ്ര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.