ന്യൂയോര്‍ക്ക്: നിര്‍മിത ബുദ്ധി കാരണം വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് പ്രമുഖ ആഗോള സ്റ്റാഫിങ് ഏജന്‍സിയായ അഡെക്കോ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. എഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് മൂലം തൊഴില്‍ വിപണി തകരില്ലെന്നും സാങ്കേതിക വിപ്ലവത്തിന്റെ പേരില്‍ നിലവില്‍ നടക്കുന്ന പിരിച്ചുവിടലുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റൊന്നാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സാങ്കേതിക മുന്നേറ്റംമൂലം ആളുകള്‍ക്ക് വലിയ തോതില്‍ ജോലി നഷ്ടപ്പെടുമെന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്ത പഠനത്തില്‍ പറയുന്നത്. ഈ വര്‍ഷം യു.എസില്‍ നടന്ന വന്‍കിട പിരിച്ചുവിടലുകളില്‍ വലിയൊരു പങ്കും എഐ സാങ്കേതിക വിദ്യയുടെ വരവ് മൂലമാണെന്ന് പല ഔട്ട്പ്ലേസ്മെന്റ് ഏജന്‍സികളും അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ചിത്രം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
മൈക്രോസോഫ്റ്റ്, ആമസോണ്‍, എച്ച്.എസ്.ബി.സി, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് തുടങ്ങിയ ആഗോള സാമ്പത്തിക-സാങ്കേതിക ഭീമന്മാര്‍ എഐ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ വെട്ടിക്കുറവ് വരുത്തിയിരുന്നു. എന്നാല്‍ സ്ഥാപനങ്ങളിലെ മോശം സാമ്പത്തിക പ്രകടനവും മാനേജ്മെന്റ് തലത്തിലുള്ള വീഴ്ചകളും മറച്ചുവെക്കാന്‍ പല കമ്പനികളും എഐയുടെ പേര് ഒരു പുകമറയായി ദുരുപയോഗം ചെയ്യുകയാണെന്ന് അഡെക്കോ ഗ്രൂപ്പ് സിഇഒ ഡെനിസ് മച്ചുവല്‍ വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പ്രാബല്യത്തില്‍ വന്നപ്പോഴും സമാനമായ ആശങ്കകളും തൊഴില്‍ ഭീതിയും ഉയര്‍ന്ന് വന്നിരുന്ന കാര്യം പഠനം ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ആ സാങ്കേതിക മുന്നേറ്റങ്ങളൊന്നും തൊഴില്‍ മേഖലയെ തകര്‍ത്തുകളഞ്ഞില്ലെന്ന് മാത്രമല്ല, കൂടുതല്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. അതിനാല്‍ പുതിയ സാങ്കേതിക വിദ്യകളെ ഭയത്തോടെയല്ല, മറിച്ച് പുതിയ അവസരങ്ങളായാണ് കാണേണ്ടതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അതേസമയം തുടക്കക്കാരായ എന്‍ട്രി ലെവല്‍ ജീവനക്കാരുടെ തസ്തികകള്‍ പൂര്‍ണമായി വെട്ടിക്കുറയ്ക്കുന്നത് ഭാവിയില്‍ കമ്പനികള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. തുടക്കക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ഭാവിയില്‍ പരിചയ സമ്പന്നരും ദീര്‍ഘ വീക്ഷണമുള്ളവരുമായ നല്ല ജീവനക്കാരെ കണ്ടെത്താന്‍ വ്യവസായ ലോകം പ്രയാസപ്പെടും. അതിനാല്‍ തൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിന് പകരം എഐ സാങ്കേതിക വിദ്യയ്ക്ക് അനുയോജ്യമായ രീതിയില്‍ ജോലികള്‍ പുനക്രമീകരിക്കാനാണ് കമ്പനികള്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്.
നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ സാങ്കേതിക വിദ്യകളില്‍ കൃത്യമായ പരിശീലനം നല്‍കി അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുകയെന്നും പഠനം നിര്‍ദേശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.