വാഷിങ്ടൺ: ഇറാനെതിരെ രണ്ടാഴ്ചയോളമായി തുടർന്നുവന്ന വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് അമേരിക്ക. ഇറാനെതിരെ പുതിയ സൈനിക നടപടികൾ വെള്ളിയാഴ്ച വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. കഴിഞ്ഞ 13 ദിവസമായി ഇറാനു നേരെ പ്രതിദിന ആക്രമണങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ചത്തെ ആക്രമണ പദ്ധതിയോട് അദേഹം വിമുഖത കാണിക്കുകയായിരുന്നു.
എന്നാൽ ഈ തീരുമാനം താൽകാലികമാണോ അതോ യുഎസ് നയത്തിൽ വന്ന വലിയൊരു മാറ്റത്തിന്റെ ഭാഗമാണോ എന്നത് വ്യക്തമല്ല. വലിയ യുദ്ധത്തിലേക്ക് നീങ്ങാതെ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ അവസരം നൽകാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.
തനിക്ക് വേണമെങ്കിൽ ആക്രമണങ്ങൾ ശക്തമായി തുടരാമെന്നും അവരുടെ പക്കലുള്ളതെല്ലാം തകർക്കാൻ സാധിക്കുമെന്നും വൈറ്റ് ഹൗസിൽ സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. എങ്കിലും ഇറാനുമായി ഒരു ധാരണയിലെത്തുന്നതാണ് ബുദ്ധിപരമായ തന്ത്രം എന്ന് അദേഹം അഭിപ്രായപ്പെട്ടു.
‘‘ഞങ്ങൾ ഇപ്പോൾ ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. ദിവസങ്ങൾ കഴിയുന്തോറും അവർ ഇതിനെ കൂടുതൽ ഗൗരവത്തോടെ കാണുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ എല്ലാ സജ്ജീകരണങ്ങളോടെയും തയാറാണ്. എങ്കിലും ചർച്ചകൾക്ക് തന്നെയാണ് മുൻഗണന’’ – ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്കായി ഒമാൻ പ്രതിനിധി സംഘം ഇറാനിൽ എത്തിയതിനു തൊട്ടു പിന്നാലെയാണ് ട്രംപിന്റെ നിർണായക ഉത്തരവ് വന്നത്. ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വാരാന്ത്യത്തോടെ ഇതിൽ ഒരു തീരുമാനമുണ്ടാകുമെന്നും പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ ചർച്ചകളുടെ ഫലം വിലയിരുത്തിയ ശേഷമാകും നിർദിഷ്ട കരാർ അംഗീകരിക്കണമോ എന്ന് ട്രംപ് തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.