കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്.
തമിഴ്നാടിന്റെ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മോന്‍സ് ജോസഫ്, വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്കുള്ള ശ്രമം നടത്തുമെന്നും മന്ത്രി അറിയിച്ചു.
'സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടി വെള്ളം നിലനിര്‍ത്തുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് സുപ്രീം കോടതി സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ അഭിപ്രായം. പുതിയ ഡാം വേണമെന്നുള്ളത് തന്നെയാണ് കേരളത്തിന്റെ നിലപാട്. അതില്‍ യാതൊരു മാറ്റവുമില്ല' - മോന്‍സ് ജോസഫ് പറഞ്ഞു.
വിജയ് സര്‍ക്കാരിന്റെ ഇന്നലെ അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം.
തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കും. അന്തര്‍ സംസ്ഥാന നദീജല പങ്കുവയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കും. ദീര്‍ഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും എന്നിങ്ങനെയായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.