നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: 'ഫിഫ വേള്‍ഡ് കപ്പ്' വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് സി.ബി.ഐ

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: 'ഫിഫ വേള്‍ഡ് കപ്പ്' വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് സി.ബി.ഐ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി സി.ബി.ഐ. 'ഫിഫ വേള്‍ഡ് കപ്പ് 2026' എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എന്‍.ടി.എ വിവര്‍ത്തന വിദഗ്ധരും കോച്ചിങ് സെന്റര്‍ ഉടമകളും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

എന്‍.ടി.എ ചോദ്യപേപ്പര്‍ വിവര്‍ത്തനത്തിനും പ്രൂഫ് റീഡിങിനുമായി നിയോഗിച്ച പി.വി കുല്‍ക്കര്‍ണി, മനീഷ മന്ദാരെ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ക്രമക്കേടുകള്‍ നടന്നത്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബയോളജി ക്ലാസുകളും മൂല്യനിര്‍ണയവും നല്‍കാനെന്ന വ്യാജേനയാണ് 2025 നവംബറില്‍ മനീഷ മന്ദാരെ ഫിഫ വേള്‍ഡ് കപ്പ് 2026 എന്ന വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. കെമിസ്ട്രി വിഷയ പഠനത്തിനായി 'NEET 2026' എന്ന പേരിലും മറ്റൊരു ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഇടനിലക്കാരിയായ ബ്യൂട്ടീഷ്യന്‍ മനീഷ വാഗ്മറെ വഴിയാണ് വിദ്യാര്‍ഥികളെ ഗ്രൂപ്പുകളിലേക്ക് എത്തിച്ചത്.

തുടര്‍ന്ന് കുല്‍ക്കര്‍ണിയുടേയും മന്ദാരെയുടേയും വീടുകളില്‍ രഹസ്യ ക്ലാസുകള്‍ സംഘടിപ്പിക്കുകയും എന്‍.സി.ഇ.ആര്‍.ടി ബയോളജി പുസ്തകങ്ങളുടെ മാര്‍ജിനുകളില്‍ ചോദ്യങ്ങള്‍ കുറിച്ചെടുക്കാന്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ നോട്ട്ബുക്കില്‍ പകര്‍ത്തിയ ചോദ്യങ്ങള്‍ മന്ദാരെ നേരിട്ട് പരിശോധിച്ചാണ് ഉറപ്പ് വരുത്തിയത്. പരീക്ഷയ്ക്ക് മുന്‍പായി ഗ്രൂപ്പുകളിലൂടെ പങ്കുവെച്ച ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി പൂര്‍ണമായി ഒത്തുപോയതായി വിദ്യാര്‍ഥികള്‍ സി.ബി.ഐക്ക് മൊഴി നല്‍കി.

ചോദ്യങ്ങള്‍ മുന്‍കൂട്ടി ലഭ്യമാക്കുന്നതിന് ഒരു വിദ്യാര്‍ഥിയില്‍ നിന്ന് നാല് ലക്ഷം രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് വാട്സാപ്പിലൂടെ അയച്ച് നല്‍കിയ 66 ഫിസിക്സ് ചോദ്യങ്ങള്‍ക്കായി അധിക തുകയും കൈപ്പറ്റി. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യത ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ക്രമക്കേടിന് കൂട്ടുനിന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് സി.ബി.ഐ തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.