പെർത്തിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സ് ആൻ മേരി ജോയിയുടെ സംസ്കാരം നാളെ കേരളത്തിൽ

പെർത്തിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സ് ആൻ മേരി ജോയിയുടെ സംസ്കാരം നാളെ കേരളത്തിൽ

അങ്കമാലി: ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളി നഴ്സ് ആൻ മേരി ജോയിയുടെ (30) സംസ്കാരം നാളെ ഓഗസ്റ്റ് ഏഴിന് കേരളത്തിൽ നടക്കും. രാവിലെ ആറ് മുതൽ 9.30 വരെ ചമ്പാനൂരിൽ പൊതുദർശനവും തുടർന്ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 3.00 വരെ മുരിങ്ങൂരിൽ പൊതുദർശനവും ശുശ്രൂഷകളും നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻ മേരി, ഭർത്താവ് ശരത്ത് ജോസിനൊപ്പം വർഷങ്ങളായി ഓസ്‌ട്രേലിയയിലെ പെർത്തിൽ സ്ഥിരതാമസമായിരുന്നു. പെർത്തിലെ സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിലെ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് ആൻ മേരി മരിച്ചത്. 

ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് എതിർദിശയിൽ നിന്ന് ട്രാഫിക് സിഗ്നൽ തെറ്റിച്ച് അമിതവേഗതയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ആൻ മേരി ഇരുന്നിരുന്ന ഭാഗത്തേക്കാണ് കാർ ശക്തിയായി ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻ മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് രണ്ടര വയസുകാരി മകൾ ഹോളി ആൻ ശരതും ശരത്തിന്റെ മാതാപിതാക്കളും പെർത്തിലെ വീട്ടിലുണ്ടായിരുന്നു. സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിലെ യങ് കപ്പിൾസ് മിനിസ്ട്രിയിലെ സജീവ അംഗങ്ങളായിരുന്നു ഇരുവരും.

കഴിഞ്ഞ ശനിയാഴ്ച പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ പൊതുദർശനവും വിശുദ്ധ ബലിയും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഒരുമണിയോടുകൂടി ഭൗതികശരീരം പെർത്തിലെ സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ എത്തിച്ചു. തുടർന്ന് രണ്ടുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ഭൗതികശരീരം അവസാനമായി കാണാനുള്ള അവസരവും ഉണ്ടായി. അന്ന് പെർത്ത് ഇടവകാംഗങ്ങൾ വികാരനിർഭരമായ യാത്രയയപ്പ് നൽകി. അതിനുശേഷം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.