കാണ്‍പൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിക്കുകയും 60 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യു.പി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാണ്‍പൂര്‍ സ്വദേശി ഇര്‍ഫാനെതിരെയാണ് തായ്‌ലന്‍ഡില്‍ റെസ്റ്റോറന്റ് നടത്തുന്ന ഉപ്സോണ്‍ എന്ന യുവതി പരാതി നല്‍കിയത്.
വഞ്ചന, ശാരീരിക ഉപദ്രവം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കാണ്‍പൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയാണ് ഇര്‍ഫാനും തായ്‌ലന്‍ഡില്‍ കന്റീന്‍ ബിസിനസ്സ് നടത്തുന്ന ഉപ്സോണും പരിചയപ്പെടുന്നത്. പരിചയം പ്രണയമായതിനെ തുടര്‍ന്ന് ഇയാള്‍ തായ്ലന്‍ഡിലെത്തി യുവതിയെ കാണുകയും വിശ്വാസം നേടിയെടുത്ത് രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹ ശേഷം തന്റെ ലെതര്‍ ബിസിനസിന്റെ ആവശ്യങ്ങള്‍ക്കെന്ന വ്യാജേന ഇയാള്‍ യുവതിയില്‍ നിന്ന് ഘട്ടങ്ങളായി ഏകദേശം 60 ലക്ഷം രൂപ കൈക്കലാക്കി. പണം കൈപ്പറ്റിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ഇര്‍ഫാന്‍ യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയായിരുന്നു. മാസങ്ങളോളം വിവരമൊന്നുമില്ലാതായതോടെ ഭര്‍ത്താവിനെ അന്വേഷിച്ച് യുവതി കാണ്‍പൂരിലെ വീട്ടിലെത്തി. ഇവിടെവെച്ചാണ് ഇര്‍ഫാന്‍ 12 വര്‍ഷം മുമ്പ് വിവാഹിതനായതാണെന്നും മൂന്ന് കുട്ടികളുണ്ടെന്നുമുള്ള വിവരങ്ങള്‍ യുവതി അറിയുന്നത്.
വിവാഹക്കാര്യവും സാമ്പത്തിക തട്ടിപ്പും ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ ശാരീരികമായി മര്‍ദ്ദിച്ചു. നല്‍കിയ പണം തിരികെ വേണമെങ്കിലോ ഒപ്പം ജീവിക്കണമെങ്കിലോ മതം മാറണമെന്ന് ഇര്‍ഫാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവ സിങിനെ നേരിട്ട് കണ്ട് യുവതി പരാതി നല്‍കുകയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. 60 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകള്‍, വിവാഹ രേഖകള്‍, മതപരിവര്‍ത്തന ആരോപണങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.