ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡല്‍ഹിയില്‍ പ്രതിപക്ഷ സമരം; മമത അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡല്‍ഹിയില്‍ പ്രതിപക്ഷ സമരം; മമത അടക്കമുള്ള  നേതാക്കള്‍ പങ്കെടുക്കും

സിജെപിയുടെ നേതൃത്വത്തില്‍ ബംഗളൂരുവിലും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.

ബംഗളൂരു: ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം കടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ച ഇന്നുമുണ്ടാകും.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിറിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സമരം കൂടുതല്‍ വ്യാപിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചത്.

പ്രതിഷേധത്തിന് മുന്നോടിയായി സെന്‍ട്രല്‍ ഡല്‍ഹിയിലെ സന്‍സദ് മാര്‍ഗ് റൗണ്ട് എബൗട്ടിന് ചുറ്റും പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ സിജെപിയുടെ നേതൃത്വത്തില്‍ ബംഗളൂരുവിലും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ നടന്‍ പ്രകാശ് രാജ്, പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠി എന്നിവരും പങ്കെടുക്കുന്നുണ്ട്.

ബംഗളൂരു ഫ്രീഡം പാര്‍ക്കിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധ പരിപാടികള്‍. കര്‍ണാടകയിലുടനീളമുള്ള സിവില്‍ സൊസൈറ്റി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രതീകാത്മക 'ജനകീയ കോടതി'യോടെ (പീപ്പിള്‍സ് ട്രിബ്യൂണല്‍) പരിപാടികള്‍ ആരംഭിക്കും. പിന്നാലെ, വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ചെരിപ്പ് സമരവും' നടക്കും.

സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, സഹ കണ്‍വീനര്‍ ആശുതോഷ് റാങ്ക, വക്താവ് സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാഠി എന്നിവര്‍ക്ക് പുറമെ വിവിധ യുവജന സംഘടനകളുടെയും സിവില്‍ സൊസൈറ്റിയുടെയും പ്രതിനിധികളും ഫ്രീഡം പാര്‍ക്കിലെ പ്രതിഷേധത്തില്‍ പങ്കെടുക്കും.

ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടമാണിതെന്നും സമരത്തില്‍ പങ്കാളികളാകാന്‍ കൂട്ടമായി എത്തണമെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പൗരന്മാരോട് അഭ്യര്‍ഥിച്ചിരുന്നു. സമരത്തില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്ന് ധ്രുവ് റാഠി എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ സമരത്തിന് ശേഷം ഒക്ടോബര്‍ പത്തിന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലേക്ക് 'ഡല്‍ഹി ചലോ' എന്ന പേരില്‍ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. എ.ഐ.എസ്.എ, എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ, എ.എസ്.എ.പി എന്നീ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സഹകരണത്തോടെയാണ് ഡല്‍ഹിയില്‍ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.