ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരായ വിവാദ ട്വീറ്റിന്റെ പേരിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കർണാടകയിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതി ഉത്തരവിനേ തുടർന്ന് തുമക്കുരു ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച ആളുകൾ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനേക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നും അവർ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.
അഭിഭാഷകനായ നായിക്കിന്റെ പരാതിയിൽ കങ്കണയ്ക്ക് എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തുമക്കുരു ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒക്ടോബർ 9 ന് പോലീസിന് നിർദേശം നൽകിയിരുന്നു. ഐപിസി വകുപ്പ് 108, 153 എ, 504 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.