തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസ് നവംബർ അഞ്ചിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. കേസ് ഇന്ന് പരിഗണിക്കുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നതെങ്കിലും സമയം അവസാനിച്ചതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു.
രേഖകളും തെളിവുകളും സമർപ്പിക്കാൻ സിബിഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. വാദമുഖങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പ് സിബിഐ കോടതിക്ക് കൈമാറിയെങ്കിലും അതിന്റെ പകർപ്പ് ഇന്നും കക്ഷികളുടെ അഭിഭാഷകർക്ക് കൈമാറിയില്ല.
നേരത്തെ കേസ് മാറ്റിവയ്ക്കാൻ സിബിഐ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിൽ വന്ന ഈ കേസ് ഇതിനുമുമ്പ് 20 തവണ മാറ്റിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി വരെ ഉൾപ്പെട്ട ഒരു കേസ് ഇത്രയും തവണ മാറ്റിവെക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്.