ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും

ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തിരുവനന്തപുരം കരമന പിആർ എസ് ആശുപത്രിയിൽ തുടരും. ശിവശങ്കറിന്റെ എംആർഐ സ്കാനിംഗ് പൂർത്തിയായി. ഇന്ന് ആൻജിയോഗ്രാം നടത്തുമെന്നാണ് വിവരം.

ശിവശങ്കറിന്റെ ആരോഗ്യാവസ്ഥ അറിയിക്കണമെന്ന് കസ്റ്റംസ് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാർഡിയാക് ഐസിയുവിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്തസമ്മർദം കൂടിയെന്നും ഇസിജിയിലും നേരിയ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ശിവശങ്കറിനെ പിആർ എസ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കസ്റ്റംസ് അധികൃതർ മാറ്റാൻ ഒരുങ്ങിയിരുന്നുവെന്നും ആണ് വിവരം. അതേസമയം കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിലെത്തിയത് കസ്റ്റഡിയിലെടുക്കാൻ ആണെന്ന വിവരം പുറത്തുവന്നു.

വൈകുന്നേരം ആറ് മണിക്ക് ഹാജരാകാൻ കസ്റ്റംസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അസുഖമായതിനാൽ ഹാജരാകാൻ കഴിയില്ലന്ന് ശിവശങ്കർ അറിയിച്ചു. കസ്റ്റംസ് സംഘം എത്തിയത് 5 :30നാണ്. സംഘം എത്തിയതിന് പിറകെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിന്  നോട്ടീസ് നൽകിയിരുന്നു. കസ്റ്റംസ് വാഹനത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.