കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യാപേക്ഷയുമായി നാളെ കോടതിയെ സമീപിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. എന്നാൽ തലസ്ഥാനത്തുളള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോടതി സമീപനം സംബന്ധിച്ച അന്തിമ തീരുമാനം മെഡിക്കൽ ബോർഡിന്റെ തീരുമാനങ്ങളും കസ്റ്റംസിന്റെ തുടർ നടപടികളും അറിഞ്ഞതിനു ശേഷമാവും. കസ്റ്റംസിന്റെ തുടർനടപടികൾ ഡോക്ടർമാരുടെ തീരുമാനം അനുസരിച്ചാകും. എന്നാൽ, ഓർത്തോ ഐസിയുവിൽക്കഴിയുന്ന ശിവശങ്കറിന്‍റെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ നിയമപരമായി കസ്റ്റംസിന് കഴിയൂ.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ ഐ.സി.യുവിലാണ് എം.ശിവശങ്കർ തുടരുന്നത്. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് ഇന്ന് പുറത്തുവിടുന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടർ നടപടികളിൽ നിർണ്ണായകമാകും. ഇന്നുച്ചയ്ക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും.
ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ വിഭാഗം ഡോക്ടർമാരാണുള്ളത്. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. വെള്ളിയാഴ്ച മുതൽ അരങ്ങേറുന്ന നാടകീയ നീക്കങ്ങളുടെ അന്തിമ നടപടികൾ ഇന്നും നാളെയുമായി അറിയാം.