കൊച്ചി : അമിതമായി മരുന്നുകൾ കഴിച്ച ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. വഴിയരികിൽ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹ മാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ മൂന്നുമാസം മുമ്പാണ് തൃപ്പൂണിത്തറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടത്തിന് സജ്ന തുടക്കമിട്ടത്. ആദ്യം പരിസരത്ത് കച്ചവടം തുടങ്ങിയവരാണ് സജ്നയുടെ ബിരിയാണി കച്ചവടത്തിന് എതിരെ വന്നത്. പിന്നീട് നാട്ടുകാർ ഏറ്റെടുത്തു. തുടർന്ന് തന്നെ വാർഡ് കൗൺസിലറും ഹെൽത്ത് ഇൻസ്പെക്ടറും ഭീഷണിപ്പെടുത്തിയതായും സജ്ന ആരോപിച്ചിരുന്നു. തുടർന്ന് വില്പ്പന നടത്താത്ത ബിരിയാണിപൊതികളുമായി ലൈവിൽ വന്ന് തന്റെ നിസ്സഹായവസ്ഥ പൊട്ടിക്കരഞ്ഞ് സജ്ന വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.