മെല്‍ബണ്‍: സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം മുതല്‍ ദിവ്യകാരുണ്യ ആരാധനയും മിഷന്‍ അനുഭവ ദൈവ വചനപ്രഘോഷണവും ഓണ്‍ലൈനായി നടത്തും. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച ഓസ്‌ട്രേലിയന്‍ ഈസ്‌റ്റേണ്‍ സമയം രാത്രി ഒന്‍പതു മുതല്‍ പത്തു വരെയാണ് ആരാധന നടക്കുന്നത്. ഓഗസ്റ്റ് 13-ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പൂത്തൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
'എഫാത്താ' (തുറക്കപ്പെടട്ടെ) 'സുവിശേഷവല്‍ക്കരണത്തിനുള്ള അഭിഷേകത്താല്‍ നിറയാം' എന്നതാണു ശുശ്രൂഷയുടെ പ്രമേയം. മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍ ദിവ്യകാരുണ്യ ആരാധന നയിക്കുമെന്ന് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍, കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.