തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ അച്ചടക്ക നടപടി സ്വീകരിച്ചു. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്ഐയെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം.
ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ പ്രവർത്തകരെത്തിയിരുന്നു. ഒരു സംഘം പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ ധർണ്ണ നടത്തുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് മറ്റൊരു സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. സുരക്ഷാ വീഴ്ചയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു.