ബാംഗ്ലൂർ: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് കൂടി നീട്ടി. ബംഗളുരുവിലെ സിറ്റി സിവിൽ കോടതിയുടേതാണ് ഉത്തരവ്. ഏഴാംതീയതി വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ബിനീഷ് കോടിയേരി അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ബിനീഷിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ രണ്ട് ദിവസം ചോദ്യം ചെയ്യൽ നടന്നില്ലെന്നും എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
തനിക്ക് കടുത്ത ശരീരവേദനയുണ്ടെന്നും പത്ത് തവണ ഛർദ്ദിച്ചെന്നുമാണ് ബിനീഷ് കോടിയേരി കോടതിയെ അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് ആശുപത്രി വിട്ടത്. താൻ ചെയ്യാത്ത കാര്യങ്ങൾ ഇ ഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.