തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഐ അന്വേഷണങ്ങൾക്കുള്ള പൊതുസമ്മതം സംസ്ഥാന സർക്കാർ പിൻവലിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായകമായ തീരുമാനം. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസുകളെ ഇത് ബാധിക്കില്ല. സിബിഐക്ക് ഇനിയും കേസെടുക്കണം എങ്കിൽ സർക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം.
സംസ്ഥാനത്തിന്റെ വികസന നയങ്ങളിലെ ഫെഡറൽ വ്യവസ്ഥയുടെ മാനദണ്ഡങ്ങൾ ലംഘിച്ച് കേന്ദ്ര ഏജൻസികൾ ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് തീരുമാനം. ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് സിബിഐ കേസ് എടുക്കുന്നത്. ഓരോ സംസ്ഥാനത്തിനും അന്വേഷണത്തിന് അതാത് സർക്കാരുടെ അനുമതി വേണം.
കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും അന്വേഷണത്തിന് പൊതു അനുമതി മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി ആണ് ഇപ്പോൾ പിൻവലിക്കുന്നത്. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ബംഗാൾ, മഹാരാഷ്ട്ര തുടഞ്ഞിയ സംസ്ഥാനങ്ങളും സിബിഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിച്ചിട്ടുണ്ട്. 2017ലാണ് സിബിഐയ്ക്ക് സംസ്ഥാനത്തെ അന്വേഷണങ്ങൾ ഏറ്റെടുക്കാൻ പൊതുസമ്മതം സംസ്ഥാന സർക്കാർ നൽകിയത്.