തിരുവനന്തപുരം: അന്തസ്സുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ രാജി വെച്ച് പുറത്ത് പോകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം എന്ന പാർട്ടിയുടെ ജീർണതയുടെ ആഴമാണ് പാർട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടിൽ നടക്കുന്ന റെയ്ഡിലൂടെ വെളിവായിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
മകന്റെ നേതൃത്വത്തിലുള്ള ലഹരി മരുന്ന് കച്ചവടവും വൻ തോതിലുള്ള അഴിമതിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ അറിവില്ലാതെയാണ് എന്ന സിപിഎം വാദം അവിശ്വസനീയമാണ്. കോടിയേരി ബാലകൃഷ്ണൻ സമീപകാലം വരെ താമസിച്ച വീട്ടിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുറ്റകരവും, ദുരൂഹവുമാണെന്ന് ചെന്നിത്തല ആരോപിച്ചു.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയായി തുടരുന്നതാണ് നല്ലത്. പക്ഷേ അത് കേരള സമൂഹത്തിന് നല്ലതല്ല. ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സി പി എം എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.