തിരുവനന്തപുരം: ഈ വർഷത്തെ ജെസിബി സാഹിത്യ പുരസ്കാരം എസ് ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്കാരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുക സാഹിത്യ രചനകൾക്ക് സമ്മാനിക്കുന്ന ജെസിബി ലിറ്റററി ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഇന്ത്യക്കാർ ഇംഗ്ലീഷിൽ എഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. കോട്ടയ്ക്കൽ സ്വദേശിയായ ജയശ്രീ കളത്തിലാണ് 'മീശ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് പത്ത് ലക്ഷം രൂപയും ലഭിക്കും.