ഉംറ തീർത്ഥാടനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ രണ്ട് ദശലക്ഷത്തോളം പേർ തീർത്ഥാടനത്തിനായുളള രജിസ്ട്രേഷന്‍ പൂർത്തിയാക്കിയതായി ഹജ്ജ് ഉംറ വകുപ്പ്. മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുളള ആദ്യ വെള്ളിയാഴ്ച വരെയുളളയുളള കണക്കാണിത്. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി ഏതാണ്ട് 9 ലക്ഷം പേർ രജിസ്റ്റർ ചെയ്തതായും ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.
സൗദിയിലെ ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പ് Eatmarna-യിലൂടെയാണ് ഇത്തരം രജിസ്‌ട്രേഷൻ നടത്തുന്നത്.ഏതാണ്ട് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ഒക്ടോബർ 4 മുതൽ പുനരാരംഭിച്ച ഉംറ തീർത്ഥാടനത്തിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളിലും രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയും മാത്രമാണ് പങ്കെടുക്കാൻ അനുവദിച്ചിരുന്നത്. നവംബർ 1-ന് ആരംഭിച്ച മൂന്നാം ഘട്ടത്തിൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

