ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല

 ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ നടപടികളില്‍ നിന്നും പിന്‍വാങ്ങി സംസ്ഥാന ബാലാവകാശ കമ്മിഷന്‍. സംഭവത്തില്‍ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും സാധാരണ നടപടിക്രങ്ങളുടെ ഭാഗമായാണ് പരാതി കിട്ടിയപ്പോള്‍ സ്ഥലം സന്ദര്‍ശിച്ചതെന്നും കമ്മിഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി.

ബാലാവകാശം സംബന്ധിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതി അന്നു തന്നെ തീര്‍പ്പാക്കിയെന്നും നസീര്‍ പറയുന്നു. ബെംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി ബിനീഷിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. എന്നാല്‍ പരിശോധന നീണ്ടതോടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നു കാട്ടി ബന്ധുക്കള്‍ ബാലാവകാശ കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബിനീഷിന്റ വീട്ടിലെത്തി.

കമ്മിഷന്‍ എത്തിയതിനു പിന്നാലെ ബിനീഷിന്റെ ഭാര്യയും കുഞ്ഞും വീടിന് പുറത്തേക്ക് വരുകയും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ആരോപിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ ഇ.ഡിയോട് വിശദീകരണം തേടി. എന്നാല്‍ ഇക്കാര്യത്തില്‍ ഇ.ഡി വിശദീകരണമെന്നും നല്‍കാന്‍ തയാറായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.