ട്രഷറി തട്ടിപ്പിന് വഴിയൊരുക്കിയത് സംസ്ഥാന ട്രഷറി വകുപ്പ് ഡയറക്ടറുടെ ഗുരുതര വീഴ്ചയെന്ന് തെളിയുന്നു

ട്രഷറി തട്ടിപ്പിന് വഴിയൊരുക്കിയത് സംസ്ഥാന ട്രഷറി വകുപ്പ് ഡയറക്ടറുടെ ഗുരുതര വീഴ്ചയെന്ന് തെളിയുന്നു

തിരുവനന്തപുരം : ട്രഷറി തട്ടിപ്പിന് വഴിയൊരുക്കിയത് സംസ്ഥാന ട്രഷറി വകുപ്പ് ഡയറക്ടറുടെ ഗുരുതര വീഴ്ചയെന്ന് തെളിയുന്നു. മുഖ്യപ്രതി ബിജുലാല്‍ തട്ടിപ്പ് നടത്തുന്നതിന് മുന്‍പ് തന്നെ ട്രഷറി ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ സംബന്ധിച്ച് ഡയറക്ടര്‍ എ.എം ജാഫറിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തു വന്നു.

ട്രഷറി തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് ട്രഷറി വകുപ്പ് ഡയറക്ടറടക്കമുള്ളവരുടെ ഗുരുതര അനാസ്ഥയുടെ തെളിവുകള്‍ പുറത്ത് വരുന്നത്. 2019 ഡിസംബര്‍ 23 മുതലാണ് സീറോ ബാലന്‍സുള്ള ട്രഷറിയിലെ സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് ബിജുലാല്‍ പണം തട്ടിയത്. തട്ടിപ്പ് കണ്ടെത്തുന്നത് 2020 ജൂലൈ 27ന്.എന്നാല്‍ ബിജുലാല്‍ തട്ടിപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ 2019 നവംബര്‍ 18ന് ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ കണ്ടെത്തി കാസര്‍കോട് ജില്ല ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ എ.എം ജാഫറിന് കൈമാറിയ കത്താണിത്.

തന്റെ  ട്രഷറി സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് നീക്കിയിരിപ്പില്ലാതെ തന്നെ 73000ത്തിലധികം രൂപ പിന്‍വലിക്കപ്പെട്ടതിനെ കുറിച്ച് കാസര്‍ഗോഡ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവില്‍ ഓഫീസര്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കിയായിരുന്നു കത്ത്. എന്നാല്‍ തകരാര്‍ പരിഹരിക്കണമെന്ന ആവശ്യം ഡയറക്ടര്‍ മുഖവിലയ്ക്കെടുത്തില്ലെന്ന് വ്യക്തമാക്കുന്ന തെളിവാണിത്. ശമ്പളവും അലവന്‍സും വരുന്ന മുറയ്ക്ക് പ്രശ്നം ക്രമീകരിക്കപ്പെടുമെന്ന മറുപടിയാണ് ഡയറക്ടര്‍ക്ക് വേണ്ടി ജോയിന്‍റ് ഡയറക്ടര്‍ വി. സാജന്‍ നല്‍കിയത്.

ഡിസംബര്‍ 17ന് കാസര്‍കോട് ജില്ല ട്രഷറി ഓഫീസര്‍ക്ക് ഈ മറുപടി ലഭിച്ച് ആറ് ദിവസത്തിനുള്ളിലാണ് ബിജുലാല്‍ തട്ടിപ്പ് തുടങ്ങിയത്. ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ചുമതലയുള്ള കമ്പ്യൂട്ടര്‍ ചീഫ് കോര്‍ഡിനേറ്ററും പരാതിയില്‍ നടപടിയെടുത്തില്ലെന്ന് വ്യക്തം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.