പനാജി: അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സില്‍ തന്നെ കളിക്കുമെന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ. ഐഎസ്എല്‍ ഫൈനലിലെ തോല്‍വിക്കു ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പാണ് ലൂണ നിലപാട് വ്യക്തമാക്കിയത്. ഈ സീസണില്‍ ലൂണയുടെ മികവിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെയെത്തിയത്.
അടുത്ത സീസണില്‍ കൊച്ചിയില്‍ മഞ്ഞപ്പട ആരാധകര്‍ക്കു മുന്നില്‍ കളിക്കുകയാണ് ലക്ഷ്യം. അതിനായി തീര്‍ച്ചയായും മടങ്ങിയെത്തുമെന്നും ലൂണ പറഞ്ഞു. ലൂണയും അല്‍വാരോ വാസ്‌ക്വെസും പെരേര ഡയസും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൊച്ചിയിലേക്ക് വരാതെ അവരവരുടെ നാട്ടിലേക്ക് മടങ്ങി. അതേസമയം കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ഇതുവരെ സെര്‍ബിയയിലേക്ക് മടങ്ങിയിട്ടില്ല.
വുക്കുമനോവിച്ച് ഈയാഴ്ച്ച കൊച്ചിയിലെത്തി പുതിയ കരാറില്‍ ഒപ്പിടുമെന്നാണ് ലഭിക്കുന്ന വിവരം. വുക്കുമനോവിച്ചിന് ക്ലബ് മാനേജ്‌മെന്റ് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള വലിയ കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരാന്‍ തന്നെയാണ് ആഗ്രഹമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. അടുത്ത സീസണ്‍ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ജൂണ്‍ അവസാനത്തോടെ പ്രീസീസണ്‍ ആരംഭിക്കും.