കുവൈറ്റ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ചില വിമാനസർവ്വീസുകള്‍ റദ്ദാക്കിയതായി കുവൈറ്റിന്‍റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഓറഞ്ച് നിറത്തിലുളള ശക്തമായ പൊടിക്കാറ്റ് വിമാനസർവ്വീസുകളെ ബാധിച്ചതായും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കടുത്ത പൊടിക്കാറ്റ് കാഴ്ചപരിധി കുറച്ചിരുന്നു.
നിലവിലെ കാലാവസ്ഥ മൂലം വാണിജ്യ വിമാനങ്ങള്‍ പുനക്രമീകരിച്ചിരിക്കുകയാണെന്നും പൊടിക്കാറ്റ് ശമിച്ചാല്‍ മാത്രമെ വിമാന ഗതാഗതം പുനരാരംഭിക്കുകയുളളൂവെന്നും കുവൈറ്റ് സിവില്‍ എയർ ഏവിയേഷന്‍ സർവ്വീസസ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ ഇമാദ് അല്‍ ജുലൂവി പറഞ്ഞു.
മെയ് 16 നും പൊടിക്കാറ്റ് കാരണം കുവൈറ്റിലെ പ്രധാനവിമാനത്താവളത്തിലെ വിമാനഗതാഗതം ഒന്നരമണിക്കൂർ നിർത്തിവച്ചിരുന്നു.