യുഎഇ: രാജ്യത്ത് ആദ്യത്തെ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ രോഗത്തിന്‍റെ ലക്ഷണങ്ങളും പ്രതിരോധ മാർഗനിർദ്ദേശങ്ങളും പുറത്തിറക്കി ദുബായ് ആരോഗ്യവകുപ്പ്. രോഗത്തിനെതിരെയുളള മുന്‍കരുതലുകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായി ആരോഗ്യ- പ്രതിരോധമന്ത്രാലയം അറിയിച്ചു.
എന്താണ് കുരങ്ങുപനി
ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ കണ്ടുവരുന്ന ജന്തുജന്യരോഗമാണ് കുരങ്ങുപനി. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ അടുത്തിടെയാണ് കുരങ്ങുപനി പകരുന്നത്.
ലക്ഷണങ്ങള്‍ എന്തൊക്കെ, പകരുന്നത് എങ്ങനെ?
രക്തത്തില്‍ നിന്ന് നേരിട്ടുള്ള സമ്പർക്കം, ശരീരസ്രവങ്ങൾ, ത്വക്ക് അല്ലെങ്കിൽ മ്യൂക്കോസൽ ക്ഷതങ്ങൾ, രോഗം ബാധിച്ച മൃഗമാംസം വേണ്ടത്ര പാകം ചെയ്യാതെ കഴിക്കുക എന്നിങ്ങനെയാണ് മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരുക.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് അപൂർവ്വായി മാത്രമാണ് രോഗം പകരുക. ശ്വാസകോശ സ്രവങ്ങളില്‍ നിന്ന്, രോഗബാധിതനായ വ്യക്തിയുടെ ചർമ്മത്തിനേല്‍ക്കുന്ന ക്ഷതത്തില്‍ നിന്ന് രോഗം പകരാം.
അണുബാധ മുതൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്നത് വരെയുളള ഇടവേള 6 മുതല്‍ 13 ദിവസമാണ്. ചിലപ്പോഴിത് 5 മുതല്‍ 21 ദിവസം വരെയാകാം.പനി, ക്ഷീണം, ലിംഫഡെനോപ്പതി, പുറം, പേശി വേദന, കഠിനമായ തലവേദന, ഇതൊക്കെയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടർന്ന് പനിയുമുണ്ടാകും.
മുന്‍കരുതല്‍ നടപടികള്‍
സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കഴുകി കൈകൾ വൃത്തിയായി കഴുകുക.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുക.
മാംസം നന്നായി വേവിച്ച് കഴിക്കുക.
അസുഖമുള്ള മൃഗവുമായി സമ്പർക്കം പുലർത്തിയ വസ്തുക്കൾ ഒഴിവാക്കുക.
രോഗലക്ഷണങ്ങളുളളവരുമായുളള സമ്പർക്കം ഒഴിവാക്കുക.
യുഎഇയിലെ ആരോഗ്യ അധികൃതർ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പഠിക്കുകയും ചെയ്യുകയാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രം പിന്തുടരുക.