അബുദാബി: അബുദബിയിലെ റസ്റ്ററന്‍റില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 106 ഇന്ത്യാക്കാർക്ക് പരുക്കേറ്റതായി അബുദബിയിലെ ഇന്ത്യന്‍ എംബസി. ഖലീദിയ ഭാഗത്തെ റസ്റ്ററന്‍റിലാണ് തിങ്കളാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനമുണ്ടായത്.
പാചകവാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നാണ് അപകടമെന്നാണ് സൂചന. ഒരു ഇന്ത്യാക്കാരനുള്‍പ്പടെ രണ്ട് പേർ അപകടത്തില്‍ മരിച്ചു. 120 ഓളം പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.