അബുദാബി: അബുദാബി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 30 മണിക്കൂർ വൈകി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നു. വ്യാഴാഴ്ച രാത്രി 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രിയോടെയാണ് പറന്നത്. പ്രായമായവരും കുട്ടികളുമടക്കം 150 ഓളം യാത്രക്കാരാണ് വിമാനം വൈകിയതോടെ ദുരിതത്തിലായത്.
വ്യാഴാഴ്ച 9 ന് പോകേണ്ടിയിരുന്ന വിമാനം 11.40 ലേക്ക് മാറ്റിയതായി യാത്രാക്കാർക്ക് ഒരു ദിവസം മുന്‍പേ അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച വിമാനത്താവളത്തിലെത്തിയവരാണ് ദുരിതത്തിലായത്. താമസവിസയിലുളളവരെ വിമാനത്താവളത്തിന് പുറത്തിറക്കിയെങ്കിലും സന്ദർശക വിസയിലടക്കമെത്തിയവർക്ക് പുറത്തിറങ്ങാനായില്ല.
ചികിത്സയ്ക്കും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കുമായി നാട്ടിലേക്ക് പോകേണ്ടവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇതോടെ പല യാത്രാക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ശനിയാഴ്ച മാത്രമെ വിമാനം പുറപ്പെടുകയുളളൂവെന്ന് സന്ദേശം വന്നതോടെ യാത്രാക്കാർ വലിയ പ്രതിഷേധം ഉയർത്തി. തുടർന്ന് വെളളിയാഴ്ച രാത്രി തന്നെ വിമാനം വിമാനം പുറപ്പെടുകയായിരുന്നു.