അബുദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അബുദബി. കഴിഞ്ഞ വർഷം ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും റോഡ് അപകടങ്ങളിലും എമിറേറ്റില്‍ കുറവ് രേഖപ്പെടുത്തി. എന്നാല്‍ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളില്‍ മുന്‍പന്തിയിലാണ് എമിറേറ്റ്. അബുദബി വിഷന്‍ 2030 യിലേക്കുളള കുതിപ്പിന് പിന്തുണ നല്കാന്‍ എന്നും പ്രതിജ്ഞാബദ്ധരാണ് അബുദബി പോലീസ് എന്ന് അധികൃതർ അറിയിച്ചു.
2020 നെ അപേക്ഷിച്ച് ക്രിമിനല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതില്‍ 13.84 ശതമാനം കുറവാണ് 2021 ല്‍ രേഖപ്പെടുത്തിയത്. ഗതാഗത അപകടങ്ങളില്‍ 4.44 ശതമാനം കുറവും റിപ്പോർട്ട് ചെയ്തു. അപകട ഘട്ടങ്ങളില്‍ എത്തിച്ചേരാനുളള സമയം 31.92 ശതമാനം മെച്ചപ്പെട്ടു. അതായത് 2020 ല്‍ അപകടസ്ഥലത്ത് എത്തിച്ചേരാനായി എടുക്കുന്ന സമയത്തിന്‍റെ 31.92 ശതമാനം വേഗത്തിലാണ് 2021 ല്‍ പോലീസ് എത്തുന്നത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളില്‍ 29.7 ശതമാനവും മോഷണക്കുറ്റങ്ങളില്‍ 33.83 ശതമാനവും നാര്‍ക്കോട്ടിക്സ് കേസുകളില്‍ 47.1 ശതമാനവും കുറവുണ്ടായെന്നും അബുദബി പോലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാണ് ലോകത്തെ ഏറ്റവും സുരക്ഷിത നഗരമാക്കി അബുദബിയെ മാറ്റിയത്.
ആഗോള ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ 'നമ്പിയോ'യാണ് സര്‍വേ നടത്തി സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. നേരത്തെ സ്ത്രീ സുരക്ഷയിലും നഗരം മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.