ദുബായ്: യുഎഇ അടക്കമുളള രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികള്‍ മരുന്നുള്‍പ്പടെയുളള കാര്യങ്ങള്‍ കൊണ്ടുവരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി അധികൃതർ.
അനിയനുവേണ്ടി കൊണ്ടുവന്ന അളവിലധികമുളള ഉറക്കഗുളികള്‍ അലൈന്‍ വിമാനത്താവളത്തില്‍ പരിശോധനയില്‍ കണ്ടെത്തി ജയിലിലായ നൗഫലെന്ന പാലക്കാട് സ്വദേശി മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്.
289 ഉറക്ക ഗുളികളാണ് നൗഫലിന്‍റെ കൈശവമുണ്ടായിരുന്നത്. ഇതാണ് പരിശോധനയില്‍ പ്രശ്നമായത്. തുടർന്ന് കേസ് കോടതിയെത്തിയപ്പോള്‍ ജയില്‍ ശിക്ഷയും പിഴയും വിധിച്ചു. എന്നാല്‍ അനിയനു വേണ്ടി കൊണ്ടു വന്നതാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെയാണ് പിഴ ഇളവ് ചെയ്തത്.
90 ദിവസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് നൗഫല്‍ മോചിതനായത്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
മരുന്ന് കൊണ്ടുവരുന്ന രാജ്യത്ത് നിരോധിതമല്ലെന്ന് ഉറപ്പുവരുത്തണം
മരുന്നിനൊപ്പം ഡോക്ടർമാരുടെ കുറിപ്പടിയും സർട്ടിഫിക്കറ്റും കരുതണം.
പരിചയമില്ലാത്തവരില്‍ നിന്ന് മരുന്ന് ഒരു കാരണവശാലും സ്വീകരിക്കരുത്.
പരിശോധനയില്‍ വ്യക്തമായ വിവരങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ കഴിയണം.