ഈ ദമ്പതികള്‍ 20 വര്‍ഷംകൊണ്ട് നട്ടുവളര്‍ത്തിയത് 40 ലക്ഷം മരങ്ങള്‍; പ്രകൃതി സ്‌നേഹം ഇങ്ങനേയും

ഈ ദമ്പതികള്‍ 20 വര്‍ഷംകൊണ്ട് നട്ടുവളര്‍ത്തിയത് 40 ലക്ഷം മരങ്ങള്‍; പ്രകൃതി സ്‌നേഹം ഇങ്ങനേയും

അയ്യപ്പപണിക്കര്‍ കുറിച്ച വരികള്‍ ഓര്‍മ്മയില്ലേ... 'കാടെവിടെ മക്കളേ മേടെവിടെ മക്കളേ...' ഈ വരികളും ചൊല്ലി കാടുകള്‍ തേടിയലയേണ്ട അവസ്ഥയാണ് നമുക്ക്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി കാടുകള്‍ വെട്ടി ഇല്ലാതാക്കി. അവിടെ അംബരചുംബികളായ കെട്ടിടങ്ങളുയര്‍ന്നു. പ്രകൃതി സ്‌നേഹം പ്രസംഗങ്ങളിലും ലേഖനങ്ങളിലുമൊക്കെ ഒതുങ്ങിയ ഒരു കാലത്ത് മരങ്ങള്‍ നട്ടുവളര്‍ത്തിയ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട്. ഒന്നും രണ്ടുമൊന്നുമല്ല ഇരുപത് വര്‍ഷങ്ങള്‍ക്കൊണ്ട് നാല്‍പ്പത് ലക്ഷം മരങ്ങളാണ് ഈ ദമ്പതികള്‍ നട്ടുവളര്‍ത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഈ ദ്‌നപതികളുടെ കഥ ലോകം അറിഞ്ഞു തുടങ്ങിയത്.

സെബാസ്റ്റിയോ സാല്‍ഗാഡോ ബ്രസീലിലെ മിനാസ് ഷെറീസിലാണ് ജനിച്ചുവളര്‍ന്നത്. വളരെ പ്രശസ്തനായ ഒരു ഫോട്ടഗ്രാഫറായിരുന്നു അദ്ദേഹം. ഫോട്ടോകളെ പ്രണയിച്ച സാല്‍ഗാഡോ നിരവധി രാജ്യാന്തര മാഗസീനുകള്‍ക്കു വേണ്ടി ലോകത്തിന്റെ പലയിടങ്ങളിലും സഞ്ചരിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പ്രകൃതിരമണീയമായ ചിത്രങ്ങള്‍ക്ക് പുറമെ, വംശഹത്യയും വനനശീകരണവും ഒക്കെ വിഷയങ്ങളാക്കി സാല്‍ഗാഡോ തന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ഒരിക്കല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വിവിധ ഇടങ്ങളിലായി അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്നു. ദീര്‍ഘനാളത്തെ ലോകസഞ്ചാരത്തിനൊടുവില്‍ 1994-ല്‍ സാല്‍ഗാഡോ ജന്മ ദേശമായ ബ്രസീലിലെ മിനാസ് ഷെറീസില്‍ മടങ്ങിയെത്തി.

സാല്‍ഗാഡോ ലോകം ചുറ്റുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ജന്മദേശം മഴക്കാടുകളാല്‍ നിറഞ്ഞതായിരുന്നു. വീടിനു ചുറ്റും എപ്പോഴും മരങ്ങളുടെ തണുപ്പും നേര്‍ത്ത സുഗന്ധവുമെല്ലാം പ്രതിഫലിച്ചിരുന്നു. ഈ കാഴ്ചകളെക്കെ മനസില്‍ ഓര്‍ത്തുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സാല്‍ഗാഡോ തന്റെ ജന്മനാട്ടില്‍ മടങ്ങിയെത്തിയത്. എന്നാല്‍ തിരിച്ച് സ്വദേശത്ത് എത്തിയ അദ്ദേഹം കണ്ടത് വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. മരങ്ങളിലധികവും മുറിക്കപ്പെട്ടിരിക്കുന്നു. മണ്ണിടിച്ചിലും വരള്‍ച്ചയുമൊക്കെ മൂലം വരണ്ടുണങ്ങി തരിശ്ശുപോലെയായി ആ പ്രദേശം.

പ്രകൃതി സ്‌നേഹിയായ സാല്‍ഗാഡോയെ ഈ കാഴ്ചകള്‍ ഏറെ നിരാശപ്പെടുത്തി. എന്നാല്‍ അദ്ദേഹം ഈ അഴസ്ഥയെ അതിജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എങ്ങനെയെങ്കിലും സ്ഥലം പഴയതു പോലെ ആക്കണം എന്നതു മാത്രമായിരുന്നു മനസ്സില്‍. അദ്ദഹം ആഗ്രഹം ഭാര്യയെ അറിയിച്ചപ്പോള്‍ നൂറ് മനസോസടെ ഭാര്യയും സമ്മതം മൂളി കൂടെ നിന്നു. അങ്ങനെ 1995 മുല്‍ സാല്‍ഗോഡോയും ഭാര്യയും ചേര്‍ന്ന് മരങ്ങള്‍ നട്ടു തുടങ്ങി. ദിവസവും മരത്തൈകള്‍ നട്ട ഇവര്‍ അതൊരു ദിനചര്യയായി മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലിലെ മിനാസ് ഷെറീസ് എന്ന പ്രദേശം മരങ്ങളാല്‍ നിറഞ്ഞ് പഴയ അവസ്ഥയിലായി.

തുടക്കത്തില്‍ സാല്‍ഗാഡോയും ഭാര്യയും മാത്രമായിരുന്നു ഈ ദൗത്യത്തില്‍ പങ്കാളികളായിരുന്നത്. എന്നാല്‍ ദിവസങ്ങളും മാസങ്ങളും പിന്നിട്ടപ്പോള്‍ നിരവധി പരിസ്ഥിപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ഇവര്‍ക്കൊപ്പം കൂടി. ഇരുപത് വര്‍ഷത്തിനിടെ നാല്‍പത് ലക്ഷത്തോളം മരങ്ങളാണ് ഈ പ്രദേശത്ത് നട്ടുപിടിപ്പിച്ചത്. പച്ചപുതച്ച് ആ പ്രദേശം ഇപ്പോള്‍ സുന്ദരമായി നിലനില്‍ക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.