ബക്രീദും അവധിക്കാലവും, യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനകമ്പനികള്‍

ബക്രീദും അവധിക്കാലവും, യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനകമ്പനികള്‍

 ദുബായ്: യുഎഇയില്‍ സ്കൂള്‍ അവധിക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനകമ്പനികള്‍. അടുത്തയാഴ്ചയോടെ ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളിലെ സ്കൂളുകള്‍ മധ്യവേനലവധിയിലേക്ക് കടക്കും. 

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അവധി കഴിഞ്ഞ് സെപ്റ്റംബർ ആദ്യവാരമാണ് സ്കൂളുകള്‍ തുറക്കുക. ജൂലൈ രണ്ടാം വാരമാദ്യം ബക്രീദ് അവധിയുമാണ്. അവധിക്കാലത്ത് നാട്ടിലേക്ക് പറന്ന് പെരുന്നാള്‍ കൂടാമെന്ന് വിചാരിച്ചാല്‍ ടിക്കറ്റ് നിരക്ക് സാധാരണപ്രവാസിയുടെ പോക്കറ്റ് കാലിയാക്കും. 

കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ നാട്ടിലേക്ക് പോകാതിരുന്ന പലരും കുടുംബവുമൊത്ത് ഇത്തവണ നാട്ടിലേക്ക് പറക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. വലിയ വില കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര പോകേണ്ട സാഹചര്യമാണ് നിലവിലുളളത്.
എമിറേറ്റ്സ് എയർലൈന്‍സില്‍ ജൂലൈ രണ്ടിന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 50,000 രൂപയാണ് ഒരാള്‍ക്കുളള ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്ക്. 

എയർ ഇന്ത്യാ എക്സ് പ്രസിലാകട്ടെ 43,000 രൂപയാണ് നിരക്ക്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുളള നിരക്കും സമാന രീതിയില്‍ തന്നെയാണ്. നാലംഗ കുടുംബത്തിന് അവധിക്കാലത്ത് നാട്ടില്‍ പോയി തിരിച്ചുവരാന്‍ ഏറ്റവും ചുരുങ്ങിയത് ടിക്കറ്റിന് മാത്രം നാല് ലക്ഷത്തിലധികം രൂപ മാറ്റിവയ്ക്കണമെന്ന് അർത്ഥം. അബുദബിയില്‍ നിന്നാണ് യാത്രയെങ്കില്‍ നിരക്ക് ഇനിയും കൂടും. 

അതുകൂടാതെ പല തിയതികളിലും ടിക്കറ്റ് ലഭ്യവുമല്ല. ടിക്കറ്റ് നിരക്കില്‍ കുറവ് പ്രതീക്ഷിച്ച് മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് എടുത്തു വച്ചവരുമുണ്ട്. അബുദാബിയിൽ നിന്നു പുതുതായി കൊച്ചിയിലേക്കു സർവീസ് ആരംഭിച്ച ഗൊ ഫസ്റ്റിൽ മൂന്നരലക്ഷത്തിനടുത്താണ് നിരക്ക്. മുംബൈ വഴി കണക്‌ഷൻ വിമാനത്തിലേ സീറ്റുള്ളൂ. ഇങ്ങനെ ദുബായില്‍ നിന്നും അബുദബിയില്‍ നിന്നും കണക്ഷന്‍ ഫ്ളൈറ്റില്‍ നിരക്കില്‍ നേരിട്ടുളള ഫ്ളൈറ്റുകളെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. 


ജൂലൈ രണ്ടാം വാരം വരെ കേരളത്തിലേക്കുളള മിക്ക വിമാനത്താവളങ്ങളിലേക്കും ഇതേ രീതിയില്‍ തന്നെയാണ് ടിക്കറ്റ് നിരക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.