ദുബായ്: ഈദ് ആഘോഷങ്ങള്‍ക്ക് നാട്ടിലെത്താന്‍ വിമാനടിക്കറ്റ് നിരക്ക് തടസ്സമായി നില്‍ക്കുന്നവർക്ക് ആശ്വാസമായി ചാർട്ടേഡ് വിമാന സർവ്വീസുകള്‍. പ്രധാനമായും കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് ചാർട്ടേഡ് വിമാന സർവ്വീസ് ആരംഭിക്കുന്നത്. വണ്‍വെയ്ക്ക് 1250 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. അല്‍ ഹിന്ദാണ് സർവ്വീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുളള ആദ്യ വിമാനം പുറപ്പെട്ടു. ദുബായില്‍ നിന്ന് 183 യാത്രാക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. 7 ആം തിയതി റാസൽഖൈമയിൽ നിന്ന് ഒരു വിമാനവും 8ന് ഷാർജയിൽ നിന്നു കോഴിക്കോട്ടേക്ക് 2 വിമാനങ്ങളും ഉൾപ്പെടെ മൊത്തം 4 വിമാനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്.
ആവശ്യക്കാരുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ വിമാനങ്ങള്‍ സർവ്വീസ് നടത്തുന്നതിനും ആലോചനയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചി ഉള്‍പ്പടെ കേരളത്തിലേക്കുളള നാല് വിമാനത്താവളങ്ങളിലേക്കും ഉയർന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.
നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പറക്കണമെങ്കില്‍ ലക്ഷങ്ങള്‍ ടിക്കറ്റിനായിതന്നെ മാറ്റിവയ്ക്കണം. പണം കൊടുത്താലും സീറ്റ് കിട്ടാത്ത സ്ഥിതിയുമുണ്ട്. മറ്റ് സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ നേതൃത്വത്തിലും ചാർട്ടേഡ് വിമാനസർവ്വീസ് നടത്തുന്നുണ്ട്.