അബുദബി: ഈദ് അല്‍ അദയോട് അനുബന്ധിച്ച് 737 തടവുകാർക്ക് മോചനം നല്‍കി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വിവിധ കുറ്റ കൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കപ്പെട്ടവരാണ് മോചിതരാകുന്നത്. ഇവർ അടയ്ക്കേണ്ട പിഴത്തുക ഷെയ്ഖ് മുഹമ്മദ് ഏറ്റെടുത്തു.
ഈദ് അല്‍ അദയോട് അനുബന്ധിച്ച് ക്ഷമയുടെയും സഹിഷ്ണുതയുടേയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് തടവുകാർക്ക് മോചനം നല്‍കുന്നത്. തെറ്റ് മനസിലാക്കി പുതിയ ജീവിതത്തിലേക്ക് മടങ്ങാനുളള അവസരമാണ് ഇതിലൂടെ തടവുകാർക്ക് നല്‍കുന്നത്. അവരുടെ കുടുംബത്തില്‍ സന്തോഷ അവസരമുണ്ടാക്കുകയെന്നുളളത് കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി 194 പേർക്കാണ് മോചനം നല്‍കിയത്. എമിറേറ്റിലെ വിവിധ ജയിലുകളില്‍ കഴിയുന്നവർക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 93 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. ശിക്ഷാ കാലാവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്.


