ദുബായ്: ഈദ് അല്‍ അദ ആഘോഷ അവധിയിലേക്ക് കടക്കുകയാണ് യുഎഇ. നാളെ ( ജൂലൈ 8) മുതല്‍ തിങ്കളാഴ്ച (ജൂലൈ 11) വരെ യുഎഇയില്‍ അവധിയാണ്. ആഘോഷത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും കരിമരുന്ന് പ്രയോഗവും രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ കരിമരുന്ന് പ്രയോഗമുള്‍പ്പടെ ഒരുക്കിയാണ് ഈദ് ആഘോഷം നടക്കുന്നത്. ജൂലൈ 10 ന് രാത്രി 8 മണിക്കാണ് കരിമരുന്ന് പ്രയോഗം നടക്കുക. ജൂലൈ 9 മുതല്‍ 11 വരെ വൈകീട്ട് 5.30, 6.30,7.30, 8.15 സമയങ്ങളില്‍ 15 മിനിറ്റ് നീളുന്ന ലെബനീസ് ഡാന്‍സ് പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
വാട്ടർ ഫ്രണ്ട് മാർക്കറ്റിലും കരിമരുന്ന് പ്രയോഗവും മൈം ഷോയും ഡാന്‍സ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. ബുർജ് മാന്‍ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിലും ഈദിനോട് അനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ നടക്കും.
മാള്‍ ഓഫ് ദ എമിറേറ്റ്സില്‍ കുട്ടികള്‍ക്കായി ജൂലൈ 7 മുതല്‍ 17 വരെ പ്രത്യേക പരിപാടികളുണ്ട്.
ബേബി ഷാർക്കും കൂട്ടുകാരും എന്ന പരിപാടിയിലേക്കുളള ടിക്കറ്റിന് 150 ദിർഹം മുതലാണ് നിരക്ക്. mydss.ae എന്ന വെബ് സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.