ദോഹ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കണമെന്ന് നിർദ്ദേശിച്ച് അധികൃതർ. ആറ് വയസിന് മുകളില്‍ പ്രായമുളള കുട്ടികള്‍ ഉള്‍പ്പടെ മുഴുവന്‍ ജനങ്ങളും അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ മാസ്ക് ധരിക്കണമെന്നതാണ് നിർദ്ദേശം. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
നേരത്തെ പൊതുഗതാഗത സംവിധാനങ്ങളിലും ആശുപത്രികളിലും മാസ്ക് നിർബന്ധമായിരുന്നുവെങ്കിലും മറ്റിടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെന്ന് നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗം മാസ്ക് ആണ് എന്ന വിലയിരുത്തലിനെ തുടർന്നാണ് വീണ്ടും മാസ്ക് ധരിക്കണമെന്ന നിർദ്ദേശം നല്കിയിരിക്കുന്നത്.
സിനിമാ തിയറ്റർ ഉള്‍പ്പടെ അടച്ചിട്ട പൊതുസ്ഥലങ്ങളിലും ബ്യൂട്ടി സലൂണുകളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം മാസ്ക് നിർബന്ധമാക്കി. ഈദ് ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് മുന്‍കരുതല്‍ നിർദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പ്രാർത്ഥനയ്ക്കായി എത്തുന്നവർ മാസ്ക് കൃത്യമായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ഹസ്തദാനം, ആലിംഗനം, ചുംബനം തുടങ്ങിയ ആശംസാ രീതികൾ ഒഴിവാക്കണം.