ദുബായ്: സ്വദേശി പൗരന്മാർക്ക് ബിസിനസ് തുടങ്ങാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. സർക്കാർ ജീവനക്കാരായ പൗരന്മാർക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വർഷത്തെ അവധി നല്‍കും. ഇക്കാലയളവില്‍ പകുതി ശമ്പളവും ഇവർക്ക് ലഭിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ യുഎഇ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്തിന്‍റെ വികസിത സമ്പദ് വ്യവസ്ഥയുടെ പ്രയോജനങ്ങള്‍ യുവ തലമുറയിലേക്ക് എത്തിക്കുകയാണ് പദ്ധതി.
സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി അവസരങ്ങള്‍ നല്‍കുന്ന നയപരിപാടി നേരത്തെ യുഎഇ പ്രഖ്യാപിച്ചിരുന്നു. സ്വദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അധിക ആനുകൂല്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://nafis.gov.ae/. എന്ന സൈറ്റിൽ സ്ഥാപനങ്ങൾക്ക് തൊഴിൽ ഒഴിവുകൾ പോസ്റ്റ് ചെയ്യാനും സ്വദേശികൾക്ക് അപേക്ഷിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.