ദുബായ്: എമിറേറ്റില്‍ ഗതാഗത പിഴ ഘട്ടം ഘട്ടമായി അടയ്ക്കാന്‍ സംവിധാനം ഒരുക്കി ദുബായ് പോലീസ്. പലിശയില്ലാതെ മൂന്നുമാസം ആറുമാസം ഒരു വർഷം എന്നീ കാലയളവുകളില്‍ ട്രാഫിക് പിഴ അടയ്ക്കാനുളള സൗകര്യമാണ് ഒരുക്കിയിട്ടുളളത്.
വ്യക്തികൾക്ക് 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയും കമ്പനിക്കും സ്ഥാപനങ്ങൾക്കും 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആകെ പിഴയുടെ 25 ശതമാനം ആദ്യ ഇൻസ്റ്റാൾമെന്റായി അടക്കണം. വലിയ തുകയാണ് പിഴയെങ്കില്‍ 24 മാസം വരെ സാവകാശം നല്‍കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പെയ്മെന്റ് നടത്തേണ്ടത്.
എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ, ദുബായ് ഇസ്ലാമിക് ബാങ്ക്. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, ഫിനാൻസ് ഹൗസ് എന്നീ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.