ദുബായ്: നിശ്ചയദാർഢ്യക്കാർക്കായി 44 ദശലക്ഷം ദിർഹത്തിന്‍റെ സാമൂഹിക ആനുകൂല്യങ്ങള്‍ക്ക് ദുബായ് അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സാമൂഹിക ആനുകൂല്യങ്ങള്‍ക്ക് അംഗീകാരം നല്കിയത്.
പൗരന്മാർക്ക് സാധ്യമായ ഏറ്റവും ഉയർന്ന നിലവാരത്തിലുളള ജീവിതം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
നിശ്ചയദാർഢ്യക്കാരായ ആളുകള്‍ക്ക് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും വിവിധ മേഖലകളിൽ വിജയം നേടാനും സ്ഥിരതയും മെച്ചപ്പെടുത്തലും നൽകുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ ആളുകളെ ശാക്തീകരിക്കുന്നതിനുള്ള ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടാണ് പദ്ധതിക്ക് ആധാരം.
60 വയസിന് താഴെയുളള നിശ്ചയദാർഢ്യക്കാരായ ആളുകള്‍ പദ്ധതിയുടെ കീഴില്‍ വരും.
കിന്റർഗാർട്ടൻ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകൾ, പ്രത്യേക സ്ഥാപനങ്ങളിലെ പരിശീലന, പുനരധിവാസ കേന്ദ്രങ്ങൾ, ഷാഡോ അധ്യാപകർ, പരിചരണം നൽകുന്നവർ, പേഴ്‌സണൽ അസിസ്റ്റന്റുമാർ, ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ, എന്നിവരെ നിയമിക്കുന്നതിനുളള ചെലവുകളും പദ്ധതിയുടെ കീഴില്‍ വരും.