അബുദബി: വേനലവധിക്കാലത്ത് കുട്ടികള്‍ ഓണ്‍ലൈന്‍ വിനോദങ്ങളില്‍ ഏർപ്പെടുമ്പോള്‍ ശ്രദ്ധവേണമെന്ന് അധികൃതർ. പലതരത്തിലുളള ഭീഷണികളും ചതിക്കുഴികളും ഓണ്‍ലൈന്‍ വിനോദങ്ങളില്‍ ഉണ്ടായേക്കും. സ്വകാര്യവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക, അനുചിതമായ ഉളളടക്കങ്ങളുളള വെബ് സൈറ്റുകളിലേക്കുളള ലിങ്ക്, ഇതെല്ലാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കുട്ടികള്‍ മണിക്കൂറുകളോളം ഓണ്‍ലൈനില്‍ വിനോദങ്ങളില്‍ ഏർപ്പെടുകയോ സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുകയോ ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു. സേഫ് സമ്മർ ക്യാംപെയിനിന്‍റെ ഭാഗമായാണ് മുന്നറിയിപ്പ് നല്‍കിയത്.
യുവാക്കളും തട്ടിപ്പുകളിൽ അകപ്പെട്ടേക്കാമെന്നും അബദ്ധത്തില്‍ തട്ടിപ്പ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തേക്കാമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
പല കുട്ടികളും സ്നാപ്ചാറ്റ്, വാട്സ് അപ്പ്, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പല രക്ഷിതാക്കള്‍ക്കും ഇത്തരത്തിലുളള ആപ്പുകളെ കുറിച്ച് അറിവുണ്ടായിരിക്കണമെന്നില്ല. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
മുതിർന്നവരുടെ മേല്‍നോട്ടകുറവില്‍ കുട്ടികളുടെ വിശ്വാസം നേടിയെടുത്ത് ലൈംഗികമായി ദുരുപയോഗമുള്‍പ്പടെയുളള കുറ്റ കൃത്യങ്ങളിലേക്ക് കുഞ്ഞുങ്ങളെയെത്തിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.