റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഷോപ്പിംഗ് മാളില്‍ അടിപിടിയുണ്ടാക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അടിപിടി വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
വീഡിയോ ശ്രദ്ധയില്‍പെട്ട പോലീസ് സംഘത്തെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അടിപിടി വീഡീയോയില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർ നടപടികള്‍ക്കായി എല്ലാവരേയും പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പൊതുജനസമാധാനത്തിന് വിഘ്നം വരുത്തുന്ന നടപടികള്‍ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.