ലോകത്തെ ഏറ്റവും പ്രിയപ്പെട്ട യാത്രാ ഇടമായി വീണ്ടും ദുബായ്

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട യാത്രാ ഇടമായി വീണ്ടും ദുബായ്

ദുബായ്: ലോകത്തെ ഏറ്റവും പ്രിയപ്പെട്ട യാത്ര ഇടമായി വീണ്ടും ദുബായ്. ടിക് ടോക് ട്രാവല്‍ ഇന്‍ഡക്സ് 2022 പ്രകാരം ദുബായ് എന്ന ഹാഷ് ടാഗ് ഫീച്ചർ ചെയ്യുന്ന വീഡിയോകള്‍ 81.8 ബില്ല്യണിലധികം പേരാണ് കണ്ടത്. ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളില്‍ ഏറ്റവും കൂടുതല്‍ പേർ കാണാന്‍ ഇഷ്ടപ്പെടുന്നത് ദുബായിലെ കാഴ്ചകളാണ്. കഴിഞ്ഞ വർഷം ന്യൂയോർക്കായിരുന്നു സൂചികയില്‍ ഒന്നാം സ്ഥാനത്ത്. ലോകത്തെ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യകളുടെ ആസ്ഥാന നഗരമായ ദുബായ് വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നുവെന്ന് സർവ്വെ സംഘടിപ്പിച്ച യൂസ് ബൗണ്‍സ്.കോം പറയുന്നു.

ദുബായിലേക്കെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 32 ശതമാനം വളർച്ചയാണ് 2021 ല്‍ രേഖപ്പെടുത്തിയത്. 2022 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 6.17 ദശലക്ഷം പേരാണ് എമിറേറ്റിലെ കാഴ്ചകളാസ്വദിക്കാനായി എത്തിയത്. കോവിഡ് സാഹചര്യത്തില്‍ നിന്നും വളരെ വേഗത്തില്‍ ഉണർവ്വിലേക്ക് വന്ന നഗരം കൂടിയാണ് ദുബായ്. 2021 ല്‍ 30 പദ്ധതികളിലായി 6.4 ബില്യൺ ദിർഹം വിദേശ നിക്ഷേപം ആകർഷിക്കുകയും 5,545 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ടിക് ടോകില്‍ 140 നഗരങ്ങളിലെ കാഴ്ചകളാണ് സർവ്വെയില്‍ ഉള്‍പ്പെടുത്തിയത്.

ടിക് ടോകില്‍ 8.6 ബില്ല്യണ്‍ കാഴ്ചക്കാരുമായി അബുദബി പട്ടികയില്‍ 22 ആം സ്ഥാനത്താണ്. ദുബായ്ക്ക് തൊട്ടുപിന്നിലുളള ന്യൂയോർക്കിന് 59.5 ബില്ല്യണ്‍ കാഴ്ച്ചക്കാരാണുളളത്.
നേരത്തെ ടൂറിസം മേഖലയില്‍ നേരിട്ടുളള വിദേശ നിക്ഷേപം ആകർഷിക്കുന്നതില്‍ ദുബായ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2021 ല്‍ 30 പദ്ധതികളിലായി 6.4 ബില്യൺ ദിർഹം വിദേശ നിക്ഷേപം ആകർഷിച്ചതാണ് ഒന്നാം സ്ഥാനത്ത് ദുബായിയെ നിലനിർത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.