പല്ല് തേക്കാന്‍ മടിയാണോ ?; ഇനി ആ ജോലി കുഞ്ഞന്‍ റോബോട്ടുകള്‍ ചെയ്യും

പല്ല് തേക്കാന്‍ മടിയാണോ ?; ഇനി ആ ജോലി കുഞ്ഞന്‍ റോബോട്ടുകള്‍ ചെയ്യും

പല്ല് തേക്കാന്‍ പലര്‍ക്കും മടിയാണ്. ദിവസത്തില്‍ രണ്ട് നേരം പല്ല് തേക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അത് ചെയ്യാനുള്ള മടികൊണ്ട് ആരും ആ പണിക്ക് പോകാറില്ല എന്നതാണ് സത്യം. ആ ജോലി ചെയ്യാന്‍ തയ്യാറായി എത്തിയിരിക്കുകയാണ് കുഞ്ഞന്‍ റോബോട്ടുകളായ മൈക്രോ റോബോട്ടുകള്‍. ഈ റോബോട്ടുകളെ ഉപയോഗിച്ച് പല്ല് വൃത്തിയാക്കാന്‍ സാധിക്കുമെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു.

വികലാംഗര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഇത് ഏറെ സഹായമാകുമെന്നാണ് കണ്ടെത്തല്‍. അയണ്‍ ഓക്‌സൈഡ് നാനോകണങ്ങള്‍ (Iron oxide nanoparticlse) ഉപയോഗിച്ചാണ് മൈക്രോ റോബോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാന്തിക ശേഷി ഉപയോഗിച്ച് ഇവയുടെ ചലനം നിയന്ത്രിക്കാനാകും. ടൂത്ത് ബ്രഷുകള്‍ക്ക് സമാനമായ നാരുകള്‍ ഉള്ളതിനാല്‍ എളുപ്പത്തില്‍ വൃത്തിയാക്കാനും സാധിക്കും. നീളമേറിയ സ്ട്രിങുകള്‍ കൊണ്ടാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

മൈക്രോ റോബോട്ടിലെ നാനോ പാര്‍ട്ടിക്കിള്‍സിനെ കാന്തിക ശേഷി ഉപയോഗിച്ച് രൂപം മാറ്റാനും നിയന്ത്രിക്കാനും കഴിയുമെന്ന് ഗവേഷകരില്‍ ഒരാളായ അഡ്വേഡ് സ്റ്റേഗര്‍ പറയുന്നു. നീളം കൂട്ടാനും കുറയ്ക്കാനും വായിലെ ഇടുങ്ങിയ ഭാഗങ്ങള്‍ വൃത്തിയാക്കാനും മൈക്രോ റോബോട്ടുകളെക്കൊണ്ട് സാധിക്കും.

മൈക്രോ റോബോട്ട് ടൂത്ത് ബ്രഷിന്റെ പരീക്ഷണം മനുഷ്യന്റെ പല്ലില്‍ നടത്തിയിരുന്നു. ഈ പരീക്ഷണങ്ങള്‍ വിജയിച്ചു. ആന്റി മൈക്രോ ബൈല്‍സ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോ റോബോട്ടുകള്‍ക്കുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.