മുംബൈ: പുതിയ ഡിജിറ്റല്‍ പേമെന്റ് ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ ടെക്ക് കമ്പനിയായ സോഹോ. ഉയോക്താക്കള്‍ക്ക് പണം അയക്കാനും സ്വീകരിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും ഈ ആപ്പിലൂടെ സാധിക്കും. സോഹോയുടെ മെസേജിങ് പ്ലാറ്റ്ഫോമിലും ഈ പേമെന്റ് സേവനം ലഭ്യമാവും.
ഗൂഗിള്‍പേ, ഫോണ്‍ പേ, വാട്സാപ്പ് പേ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സോഹോയുടെ പ്രവേശനം. അരട്ടൈ ആപ്പില്‍(Arattai app) പേമെന്റ് സേവനം എത്തുന്നതിലൂടെ ചാറ്റുകള്‍ക്കിടെ എളുപ്പം പണം കൈമാറാന്‍ സാധിക്കും. വാട്സാപ് പേയുടെ പകര്‍പ്പായിരിക്കും ഇത്. യുപിഐ അധിഷ്ടിത ഇടപാടുകളായിരിക്കും ഇതില്‍ ഉണ്ടാവുക. മെസിജിങ്, വര്‍ക്ക് സ്പേസ് ഉള്‍പ്പടെ വിവിധ തരം സേവനങ്ങള്‍ സോഹോ ഇതിനകം നല്‍കി വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ സോഹോയുടെ ഫിന്‍ടെക് വിഭാഗത്തിന് പേമെന്റ് സേവനങ്ങള്‍ക്കുള്ള അനുമതി ലഭിച്ചിരുന്നു. ഇതിനകം തന്നെ സോഹോയുടെ ബിസിനസ് പേമെന്റ്, പേയിന്റ് ഓഫ് സെയില്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. പേമെന്റ് രംഗം ശക്തമാക്കുന്നതിനായി വ്യവസായ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതും സോഹോയുടെ പരിഗണനയിലുണ്ട്.
പേമെന്റ്സിന് പുറമെ മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സോഹോ പദ്ധതിയിടുന്നത്. ലെന്റിങ്, ബ്രോക്കിങ്, ഇന്‍ഷുറന്‍സ്, വെല്‍ത്ത്ടെക്ക് തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. സോഹോ ബുക്സ്, സോഹോ പേറോള്‍, സോബോ ബില്ലിങ് തുടങ്ങിയ സേവനങ്ങള്‍ നിലവില്‍ കമ്പനി നല്‍കുന്നുണ്ട്.