ന്യൂയോര്‍ക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുകയാണ് ബഹുരാഷ്ട്ര ഐടി കമ്പനികള്‍. ആഗോള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം 218 ടെക് കമ്പനികളാണ് ജീവനക്കാരുടെ എണ്ണം കുറച്ചത്. 112732 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള ടെക് പ്രൊഫഷണലുകളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം എന്ന സാഹചര്യമാണ് ഇന്ന് ഐടി മേഖലയില്‍ ഉള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തന്നെയാണ് ഏറ്റവും വലിയ വില്ലന്‍. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, പ്രവര്‍ത്തന ചെലവ് ചുരുക്കല്‍, പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടി കമ്പനിയുടെ ഘടനയില്‍ വരുത്തുന്ന പുനസംഘടനകള്‍ എന്നിവയും ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളാണ്.
ആമസോണ്‍, ഇന്റല്‍, ടിസിഎസ് തുടങ്ങിയ ടെക് മേഖലയിലെ മുന്‍നിര കമ്പനികളെല്ലാം ആയിരക്കണക്കിന് തസ്തികകളാണ് വെട്ടിക്കുറച്ചത്. ഇത് ആഗോളതലത്തില്‍ കമ്പനികളുടെ ഐടി സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. ക്ലൗഡ്, ഓപ്പറേഷന്‍സ്, എച്ച്ആര്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ഉള്‍പ്പെടെ 14000 ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്. ഇത് കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ നാല് ശതമാനം വരും. ഇന്റല്‍ ഏകദേശം 24000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നത്. കമ്പനിയുടെ മൊത്തം സ്റ്റാഫിന്റെ 22 ശതമാനം വരുമിത്.
ടിസിഎസ് ആകട്ടെ 12000 ജോലികളാണ് വെട്ടിക്കുറയ്ക്കുന്നത്. മിഡ്, സീനിയര്‍ ലെവല്‍ തസ്തികകളെയാണ് പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് നടത്തിയ വലിയ റിക്രൂട്ട്മെന്റ്കള്‍ക്ക് ശേഷമാണ് ചെലവ് ചുരുക്കലിന്റെ പേര് പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
ആമസോണ്‍ മുപ്പതിനായിരം തൊഴിലാളികളെ വരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സത്യമാണെങ്കില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടല്‍ ആയിരിക്കും. മാനുഷിക അധ്വാനത്തെ മാറ്റി സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കോടികളുടെ നിക്ഷേപമാണ് ആമസോണ്‍ പദ്ധതിയിടുന്നത്.
ലോകമെമ്പാടും വില്‍പനയില്‍ വന്ന കുറവാണ് 24000 ജീവനക്കാരെ പിരിച്ചുവിടാനുള്ള കാരണമെന്നാണ് ഇന്റല്‍ നല്‍കുന്ന വിശദീകരണം. ഇതോടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് 75000 ആയി കുറയും. അമേരിക്ക, ജര്‍മ്മനി, കോസ്റ്റാറിക്ക, പോളണ്ട് എന്നീ രാജ്യങ്ങളെ പിരിച്ചുവിടല്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നാല് യുഎസ് സംസ്ഥാനങ്ങളിലായി മാത്രം 5000 ജീവനക്കാരെയാണ് കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ഇത് കമ്പനിയുടെ കാലിഫോര്‍ണിയയിലെയും ഒറിഗോണിലെയും ഓഫീസുകളില്‍ വലിയ തൊഴില്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ടിസിഎസ് 19755 ജീവനക്കാരെയാണ് തിരിച്ചുവിട്ടത്. ഇപ്പോള്‍ കമ്പനിക്ക് ലോകമെമ്പാടും ആറ് ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി കണ്‍സള്‍ട്ടിങ് ഐടി സേവന കമ്പനിയായ ആക്സഞ്ചര്‍ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനിക്ക് ലോകമൊട്ടാകെ 791000 ജീവനക്കാരുണ്ട്. മൈക്രോസോഫ്റ്റ് 9000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. ഭൂരിഭാഗവും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ഉള്ളവരാണ്.