വാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടായിരുന്ന ദിവസം. അന്തിച്ചര്‍ച്ചയും വാര്‍ത്ത വായനയുമൊക്കെ കഴിഞ്ഞ് അവതാരക വീട്ടിലെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. വല്ലാത്ത ക്ഷീണം. കുളിച്ച് അല്പം ഭക്ഷണം കഴിച്ച് അവര്‍ കിടപ്പു മുറിയിലേക്ക് നീങ്ങുമ്പോള്‍ കിണുങ്ങിക്കൊണ്ട് മോളും ഗൗരവ ഭാവത്തില്‍ മോനും പിന്നാലെയെത്തി.
അമ്മേ നാളെ രാവിലെ 10 മണിക്കല്ലേ നമ്മള്‍ പോകുന്നത്? മകന്റെ ചോദ്യം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. അതെ അതെ നാളെ പോകാം, എനിക്ക് നല്ല ക്ഷീണം, ഞാന്‍ ഒന്നുറങ്ങട്ടെ, രാവിലെ സംസാരിക്കാം. ഇത്രയും പറഞ്ഞ് അവര്‍ കിടപ്പുമുറിയിലേക്ക് നടന്നു. ഓ ഇന്ന് ന്യൂസ് ചര്‍ച്ചയില്‍ അമ്മ തകര്‍ത്തു, ആണ്‍-പെണ്‍ സൗഹൃദങ്ങളെ അവമതിക്കുന്ന സദാചാര വാദികള്‍ക്ക് അമ്മ ഇന്ന് വയര്‍ നിറച്ചു കൊടുത്തു, അമ്മേ സൂപ്പര്‍, എനിക്കിന്ന് അമ്മയെ ഓര്‍ത്ത് അഭിമാനം തോന്നി. മോളുടെ വക അഭിനന്ദനം. ഇത്രയും പറഞ്ഞപ്പോള്‍ മകളെ കൈ കൊണ്ട് തടഞ്ഞ് നീ പോയി കിടക്ക് നമുക്ക് രാവിലെ സംസാരിക്കാം എന്ന് പറഞ്ഞ് അവര്‍ മുറിയില്‍ കയറി. കതക് അടയ്ക്കും മുന്‍പ് 'ഞാന്‍ വൈഫൈ ഓഫ് ചെയ്യുവാ, രണ്ടു പേരും പോയി കിടന്നുറങ്ങിക്കോ' എന്നൊരു നിര്‍ദേശം കൂടി നല്‍കി. അവര്‍ പരസ്പരം ഗുഡ്‌നൈറ്റ് പറഞ്ഞു പിരിഞ്ഞു...
കോളജ് കുട്ടികളുടെ ഇരിപ്പിടം റെസിഡന്റ് അസോസിയേഷന്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് അന്തിച്ചര്‍ച്ച നയിച്ചത് അവരായിരുന്നു. കുട്ടികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അവര്‍ ഘോരഘോരം വാദിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെറുതെ ഇരിക്കാന്‍ മാത്രമല്ല ആ ബസ് സ്റ്റോപ്പ് ഉപയോഗിച്ചതെന്നും അശുഭമായ പലതും കാണേണ്ടി വന്നതു കൊണ്ടാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്നും സദാചാര വാദിയായ മധ്യവയസ്‌കന്‍ പറഞ്ഞപ്പോള്‍ മാഡം അയാളുടെ വായടപ്പിക്കുന്ന മറുപടി നല്‍കി.
അറുപതു കഴിഞ്ഞ അങ്ങേയ്ക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസിലാകില്ലെന്നും, യുവജനങ്ങള്‍ ഒന്നിച്ച് നടക്കും, ഇരിക്കും, കെട്ടിപ്പിടിക്കും, ഉമ്മ വെയ്ക്കും അതവരുടെ സ്വാതന്ത്ര്യം-അതിനെ തടയാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത് എന്നും ചോദിച്ചു. ഇത് കേട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത യുവജന രാഷ്ട്രീയ നേതാവ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
ഒരുമിച്ച് നടക്കാനോ ആവശ്യമെങ്കില്‍ ഒരുമിച്ച് കിടക്കാനോ യുവതീ യുവാക്കള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്നും, സദാചാരത്തിന്റെ അതിരുകള്‍ നിശ്ചയിക്കാന്‍ ഇവിടെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും യുവനേതാവ് പറഞ്ഞപ്പോള്‍ അവതാരക കൈയിലിരുന്ന പേന കറക്കി ആഹ്ലാദം പങ്കു വെച്ചു. അതെ, ഇത് നവോഥാന കേരളമാണ്, വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ ആരെയും അനുവദിക്കില്ല, ഭരണകക്ഷിയിലെ യുവജന നേതാവിന്റെ പ്രസ്താവന കേട്ട് അവതാരക കോള്‍മയിര്‍ കൊണ്ടു.
ഇരിപ്പിടം പൊളിച്ചതില്‍ പ്രതിഷേധിച്ച് ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ കയറി ഇരിക്കുന്ന ഫോട്ടോകള്‍ ഉയര്‍ത്തി ഇത് കേരള സമൂഹത്തിന്റെ മാന്യതയ്ക്ക് ചേര്‍ന്ന സമരമാണോ അതോ ആഭാസമാണോ എന്ന് ഒരു സമുദായത്തിന്റെ പ്രതിനിധി ചോദിച്ചപ്പോള്‍ അവതാരകയും യുവ രാഷ്ട്രീയ നേതാവും അയാളെ തേച്ച് ഭിത്തിയില്‍ ഒട്ടിച്ചു.
ഇങ്ങനെ ഒരാണ്‍കുട്ടിയുടെ മടിയില്‍ പെണ്‍കുട്ടി ഇരിക്കുന്നത് കണ്ടാല്‍ പോകുന്ന മാന്യതയാണോ മലയാളിക്കുള്ളതെന്ന് അവതാരക കടുപ്പിച്ച സ്വരത്തില്‍ അയാളോട് ചോദിച്ചു. ഏതായാലും മാന്യതക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നവരുടെ നെഞ്ചുംകൂട് തകര്‍ക്കുന്ന ചര്‍ച്ചയായിരുന്നു അതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആ ആത്മ സംതൃപ്തിയിലാണ് അവര്‍ അന്ന് കിടന്നുറങ്ങിയത്.
നേരം നന്നായി വെളുത്തപ്പോഴാണ് മോള്‍ വന്ന് അവരെ വിളിച്ചത്. അമ്മേ... 9 മണിയായി, 10 മണിക്കല്ലേ ചേട്ടന്റെ പെണ്ണിനെ കാണാന്‍ പോകാം എന്ന് പറഞ്ഞത്. അവര്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റു. അമ്മയും മകനും മകളും കൂടി മോന്‍ സ്വന്തമായി കണ്ടു വച്ച പെണ്‍കുട്ടിയെ കാണാന്‍ പോയി. നഗരത്തിലെ പ്രശസ്തമായ കോളേജില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനി, മകന്റെ കൂട്ടുകാരന്റെ പെങ്ങള്‍, അവര്‍ തമ്മില്‍ പരിചയമുണ്ട്. അവിടെ ചെന്ന് അധികം കഴിയും മുന്‍പ് അമ്മ മക്കളെയും കൊണ്ട് തിരിച്ചിറങ്ങി, അവിടുന്ന് കാപ്പി കുടിച്ചില്ല, തീരുമാനങ്ങള്‍ ഒന്നും പറഞ്ഞുമില്ല.
കാറില്‍ കയറി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തന്റെ മൊബൈലില്‍ തലേ ദിവസത്തെ ന്യൂസ് പേപ്പറില്‍ നിന്ന് ഒരു ഫോട്ടോ മക്കളെ കാണിച്ചു. അന്ന് സദാചാര വാദികള്‍ക്കെതിരെ സമരത്തിന്റെ ഭാഗമായി ഏതോ ഒരു ആണ്‍കുട്ടിയുടെ മടിയിലിരിക്കുന്ന മകന്റെ കൂട്ടുകാരി. ഇത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയെ ആണോ നിനക്ക് കല്യാണം കഴിക്കേണ്ടത്, എനിക്കിഷ്ടമല്ല. അനുസരണയുള്ള മകന്‍ സങ്കടത്തോടെ നിശബ്ദനായി മുഖം വീര്‍പ്പിച്ച് വെളിയിലേക്ക് നോക്കി ഇരുന്നു. തലേ രാത്രിയിലെ അമ്മയുടെ ന്യൂസ് ചര്‍ച്ചയുടെ യൂട്യൂബ് വീഡിയോ ഉറക്കെ കേള്‍പ്പിച്ചുകൊണ്ട് കുസൃതിക്കാരിയായ മകള്‍ സംതൃപ്തി അടഞ്ഞു.
പഴഞ്ചൊല്ല് : ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാ.